Home കർണാടക ഡാഷ്‌ക്യാമില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇനി കുഴികളും കണ്ടെത്തും; ബെംഗളൂരു യുവാവ് വികസിപ്പിച്ച എഐ സംവിധാനം

ഡാഷ്‌ക്യാമില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇനി കുഴികളും കണ്ടെത്തും; ബെംഗളൂരു യുവാവ് വികസിപ്പിച്ച എഐ സംവിധാനം

by ടാർസ്യുസ്

ബെംഗളൂരു റോഡിലെ കുഴിയില്‍ വീഴാത്ത ദിവസങ്ങള്‍ അപൂർവമാണെന്ന് പല യാത്രക്കാരും പറയാറുണ്ട്. എന്നാല്‍ കുഴിയില്‍ വീണ് യാത്ര മുടങ്ങുന്നതിന് പകരം, കുഴി കണ്ടെത്തി അതിന് ഉത്തരവാദിയായ കരാറുകാരനെ വരെ കണ്ടെത്താൻ കഴിയുന്നൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ എൻജിനീയർ ഗൗരവ് സെൻ.ഡാഷ്‌ക്യാം, ജിപിഎസ്, ആക്സിലറോമീറ്റർ, എഐ എന്നിവ ഉപയോഗിച്ചാണ് ഗൗരവ് പുതിയ സംവിധാനം വികസിപ്പിച്ചത്.കാറില്‍ ഘടിപ്പിച്ച ഡാഷ്‌ക്യാമില്‍ പതിയുന്ന ദൃശ്യങ്ങള്‍ എഐ പരിശോധിച്ച്‌ റോഡിലെ കുഴികള്‍ കണ്ടെത്തും. വലുതും ചെറുതുമായ കുഴികള്‍ മാത്രമല്ല, ദൂരത്തുനിന്ന് സ്പീഡ് ബ്രേക്കറുകളെപ്പോലെ തോന്നുന്ന കുഴികളും തിരിച്ചറിയാൻ സംവിധാനത്തിന് കഴിയും. കുഴി കണ്ടെത്തിയാല്‍ അതിന്റെ കൃത്യമായ സ്ഥലം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

എന്നാല്‍ കുഴി കണ്ടെത്തുന്നതില്‍ മാത്രം ഗൗരവിന്റെ പരീക്ഷണം അവസാനിച്ചില്ല. കുഴി ആരാണ് നന്നാക്കേണ്ടത് എന്നതും കണ്ടെത്തണം എന്ന ആശയത്തോടെയാണ് അദ്ദേഹം ആപ്പ് കൂടുതല്‍ വികസിപ്പിച്ചത്. ഇതിനായി 2,900 സർക്കാർ കരാറുകളുടെ വിവരങ്ങള്‍ പരിശോധിച്ച്‌ ഓരോ റോഡിന്റെയും ചുമതലയുള്ള കരാറുകാരനെ കണ്ടെത്തുന്ന സംവിധാനവും ഉള്‍പ്പെടുത്തി. കുഴിയുടെ ചിത്രം, കൃത്യമായ സ്ഥലം, ടെൻഡർ നമ്പർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോർട്ട് വെറും നാല് സെക്കൻഡിനുള്ളില്‍ തയ്യാറാക്കാനും ആപ്പിന് കഴിയും.സ്വന്തം ഓഫീസിലേക്കുള്ള ഒരു യാത്രയ്ക്കിടെ നടത്തിയ പരീക്ഷണത്തില്‍ സംവിധാനം 12 കുഴികളാണ് കണ്ടെത്തിയത്. ഓരോ കുഴിയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയതോടെ അധികൃതർക്ക് പരാതി നല്‍കുന്നതിനുള്ള തെളിവും ലഭിച്ചു. റോഡിലെ കുഴികള്‍ കണ്ടെത്താൻ മാത്രമല്ല, അവയുടെ ഉത്തരവാദിത്തവും കൃത്യമായി ചൂണ്ടിക്കാണിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന ആശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group