കൊച്ചി: സംസ്ഥാനത്തെ ഓണവിപണിയ്ക്ക് ഭംഗിയേകാൻ പൂവിപണി സജീവമായി. ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങിയ പൂവുകളെല്ലാം സംസ്ഥാനത്തെ വിപണികളിലെത്തി തുടങ്ങി.അത്തംപിറന്നതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി, ക്ലബ്ബുകളിലും തൊഴിലിടങ്ങളിലും കൂട്ടായ്മകളിലും പൂക്കള മത്സരം ആരംഭിക്കുന്നതോടെ വിപണി കൂടുതല്‍ ഉണരും. ആവശ്യക്കാര്‍ കൂടുമ്പോഴാണ് പൂവിലയും ഉയരുന്നത്.തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് ഇത്തവണയും പൂക്കള്‍ കേരളത്തിലേക്കെത്തുന്നത്.
ബെംഗളൂരു മുല്ലകളും പല നിറങ്ങളിലുള്ള അസ്ട്ര പൂക്കളുമാണ് പൂവിപണിയിലെ താരങ്ങള്‍. നിലവില്‍ തൃശൂരില്‍ ചെണ്ടുമല്ലി കിലോയ്ക്ക് 100 രൂപയ്ക്കാണ് നല്‍കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലി ഇത്തവണയും മാർക്കറ്റില്‍ മുൻപന്തിയിലുണ്ട്.ഓരോ ജില്ലകളിലും പൂക്കളുടെ വില നിലവാരത്തില്‍ വ്യത്യാസമുണ്ട്. തൃശൂരില്‍ വാടാമല്ലിക്ക് കിലോയ്ക്ക് 200 രൂപയുണ്ട്. പിങ്ക്, പർപ്പിള്‍, വയലറ്റ് നിറങ്ങളിലാണ് അസ്ട്ര പൂക്കള്‍ക്ക് ഇവ 100 രൂപയ്ക്ക് നിലവില്‍ ലഭിക്കുന്നുണ്ട്. ചെറിയ ചുവന്ന റോസാപൂക്കള്‍ക്ക് കിലോയ്ക്ക് 200 രൂപയാണ്. 100 രൂപയ്ക്ക് എല്ലാ പൂക്കളും ഇടകലർത്തി നല്‍കുന്ന പൂ കിറ്റിനാണ് കൂടുതല്‍ ആവശ്യക്കാർ. വരും ദിവസങ്ങളില്‍ പൂക്കള്‍ക്ക് 50 രൂപ വീതം കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികള്‍ ഈ ആഴ്ചയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ, ബുധനാഴ്ചയോടെ പൂവില ഉയർന്നേക്കും. തിരുവനന്തപുരം ചാല മാർക്കറ്റില്‍ മഞ്ഞ ജമന്തിക്ക് നൂറു രൂപയാണ്. റോസ് – 240, വാടാമുല്ല – 300, വെള്ള ജമന്തി – 500, കോഴിപ്പൂവ് – 200, അരളി- 300, വെള്ള അരളി – 400, പിച്ചി – 1200, മുല്ല – 1000 എന്നിങ്ങനെയാണ് വില.കോഴിക്കോട് നിലവില്‍ മഞ്ഞ ജമന്തി 50 രൂപ മുതല്‍ കിട്ടും. റോസിനു 300 രൂപയാണ് വില. വെള്ള ജമന്തി – 400, അരളി – 400, മുല്ല – 2000, പിച്ചി – 1600, വാടാമുല്ല – 100 എന്നിങ്ങനെയാണ് വില.
കൊല്ലത്ത് കൊട്ടാരക്കര കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്കുള്ള പൂക്കള്‍ തമിഴ്‌നാട് മധുര, ശങ്കരൻകോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുല്ലപ്പൂവ് കൊല്ലത്തെത്തുന്നത്. തോവാള, തെങ്കാശി, ദിണ്ടിഗല്‍, നിലക്കോട്ട, പഴനി തുടങ്ങിയ മാർക്കറ്റുകളില്‍നിന്ന് ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും എത്തുന്നുണ്ട്.പത്തനംതിട്ടയില്‍ പൂവില കുറച്ചധികമാണ്. മഞ്ഞ ജമന്തിക്കു 180 രൂപ വരെയാണ് വില. റോസിന് 400, അരളി – 450, മുല്ല – 1000, പിച്ചി – 1000, വെള്ള അരളി – 400, വാടാമുല്ല – 250 എന്നിങ്ങനെയാണ് വില. ട്രെയിൻ സൗകര്യമില്ലാത്ത ജില്ലകളിലേക്ക്, ഇതരസംസ്ഥാനങ്ങളില്‍നിന്നു പൂക്കളെത്തിക്കാൻ ചെലവ് കൂടുമെന്നതാണ് ഇവിടെ വില ഉയരാൻ കാരണമാകുന്നത്.