ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറില്‍ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടി എന്ന് ഐ ജി വ്യക്തമാക്കി. സംഭവത്തില്‍ സർക്കാർ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ഉറപ്പുനല്‍കി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ വൈകിയെങ്കിലും, സർക്കാരിന്റെയും മന്ത്രിയുടെയും ഉറപ്പിന് പിന്നാലെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും.സംഘർഷാവസ്ഥഇന്നലെയാണ് ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടത്.
കാടിനുള്ളില്‍ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ നാട്ടുകാർ ഇത് തള്ളിയിരുന്നു. വെടിവയ്പ്പ് വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.