ബെംഗളൂരു: ഓണത്തിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന മലയാളികള്‍ക്ക് തിരിച്ചടി.കാലങ്ങളായി ബെംഗളൂരു മലയാളികള്‍ ആശ്രയിക്കുന്ന ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മറ്റ് പ്രധാന യാത്രാ മാർഗങ്ങളില്‍ ഒന്നായ ബസുകളില്‍ കൊള്ള നിരക്കാണ് പല ഏജൻസികളും നടപ്പാക്കിയിരിക്കുന്നത്. ഇതോടെയാണ് പലർക്കും നാട്ടിലേക്കുള്ള യാത്ര ചോദ്യ ചിഹ്നമായത്.ട്രെയിനുകളില്‍ ഭൂരിഭാഗവും മാസങ്ങള്‍ക്ക് മുൻപ് തന്നെ ബുക്ക് ചെയ്‌തു പോയതോടെയാണ് പലരും വലയുന്നത്. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ അധിക തുക മുടക്കി നാട്ടിലേക്ക് പോവണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതോടെ പലരും ഓണത്തിന് നാട്ടിലേക്ക് പോവുന്നത് ഒഴിവാക്കിയാലോ എന്ന ആലോചനയിലുമാണ്.
അതിനിടെ ഓണം സീസണിലെ തിരക്ക് നേരിടാൻ പ്രഖ്യാപിച്ച അധിക ട്രെയിനുകള്‍ ഒന്നും ഫലപ്രദമല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.ഹുബ്ബള്ളി-കോട്ടയം ഉള്‍പ്പെടെയുള്ള പ്രത്യേക ട്രെയിനുകള്‍ പേരിന് മാത്രമുള്ളതാണെന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി. റെഗുലർ ട്രെയിനുകളിലെ ബുക്കിങ് മിനിറ്റുകള്‍ക്കകം വിറ്റുതീർന്നതോടെ ഭൂരിഭാഗം പേരും വെയ്റ്റിങ് ലിസ്‌റ്റിലാണ് നിലവിലുള്ളത്. സ്പെഷ്യല്‍ ട്രെയിനുകളില്‍ തേർഡ് എസി നിരക്കുകള്‍ സാധാരണ നിരക്കിനേക്കാള്‍ കൂടുതലാണെന്ന പരാതിയും ഉയരുന്നുണ്ട്.നിലവിലെ സാഹചര്യത്തില്‍ പലരും ട്രെയിൻ പുറപ്പെടുന്നതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ തുറക്കുന്ന തത്കാല്‍, പ്രീമിയം തത്കാല്‍ എന്നിവയില്‍ അധിക നിരക്ക് നല്‍കി യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിലാണെങ്കില്‍ അനിശ്ചിതത്വവും ഉണ്ടെന്നതാണ് മറ്റൊരു ആശങ്ക. പെട്ടെന്ന് തന്നെ വിറ്റുതീരുന്നതിനാല്‍ ടിക്കറ്റുകള്‍ കിട്ടാനുള്ള സാധ്യത കുറവാണ്.അതുപോലെ തന്നെ ബസുകളിലും അമിത് നിരക്കുകളാണ് വെല്ലുവിളിയാവുന്നത്.
ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എസി മള്‍ട്ടി-ആക്‌സില്‍ സ്ലീപ്പർ ബസുകള്‍ക്ക് 1200 രൂപ മുതല്‍ 2,500 രൂപ വരെ ഈടാക്കിയ സ്ഥാനത്ത് ഓണം അവധിക്കാലം കണക്കിലെടുത്ത് നിരക്ക് 3000 മുതല്‍ 5000 വരെയായി ഉയർന്നിട്ടുണ്ടെന്നതാണ് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു കാര്യം.കൂടാതെ വിമാനത്തിലെ യാത്രയ്ക്കും ചിലവേറുന്ന സാഹചര്യമാണുള്ളത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 3300 – 4500 രൂപ വരെയാണെങ്കില്‍, ഓണക്കാലത്ത് ഇത് കുത്തനെ ഉയരുകയാണ്. അവസാന നിമിഷത്തെ ബുക്കിങ്ങുകള്‍ക്ക് 15,000 രൂപ മുതല്‍ 30,000 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണുള്ളത്.90 ബസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസിഅതേസമയം, ഓഗസ്‌റ്റ് 26ന് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന കണക്കുകൂട്ടലില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 90 അധിക ബസ് സർവീസുകള്‍ നടത്താൻ കർണാടക സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഓഗസ്‌റ്റ് 21 മുതല്‍ 25 വരെയാണ് പ്രത്യേക ബസ് സർവീസുകള്‍ നടത്തുക. ഓണത്തിന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അധിക സർവീസുകള്‍ ഏർപ്പെടുത്തുന്നതെന്ന് കർണാടക സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.ബെംഗളൂരുവില്‍ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും ജില്ലകളിലേക്കുമാണ് അധിക ബസുകള്‍ സർവീസ് നടത്തുക. ഓണാഘോഷത്തിന് ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഓഗസ്‌റ്റ് 30നും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ബസ് സർവീസുകളും നടത്തും.