Home കർണാടക അടച്ചിട്ട വീട്ടില്‍ വീട്ടമ്മയുടെ അസ്ഥികൂടം; 4 കിലോമീറ്റര്‍ അകലെയായിരുന്ന മകളും അമ്മയെ കുറിച്ച്‌ അന്വേഷിച്ചില്ല

അടച്ചിട്ട വീട്ടില്‍ വീട്ടമ്മയുടെ അസ്ഥികൂടം; 4 കിലോമീറ്റര്‍ അകലെയായിരുന്ന മകളും അമ്മയെ കുറിച്ച്‌ അന്വേഷിച്ചില്ല

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ബാഗലകുണ്ടെയിലെ ഹവനൂർ മേഖലയില്‍ അടച്ചിട്ട വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ അസ്ഥികൂടത്തിന് ഏകദേശം 18 മാസത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.57കാരിയായ ദാക്ഷായണിയുടെ അസ്ഥികൂടമാണ് വെള്ളിയാഴ്ച വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ദാക്ഷായണിയുടെ ഭർത്താവും മകനും നേരത്തെ അസുഖബാധിതരായി മരിച്ചിരുന്നു. ഏക മകള്‍ വിവാഹശേഷം വീട്ടില്‍നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയായിരുന്നു താമസം. ഏറെക്കാലമായി ദാക്ഷായണിയുടെ വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് കുളിമുറിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.അസ്ഥികൂടത്തില്‍ ദാക്ഷായണി ധരിച്ചിരുന്ന സ്വർണ വളകളും മാലയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

വീട്ടിലെ പ്രധാന വാതിലും ജനാലകളും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത നിലവില്‍ പൊലീസ് തള്ളിക്കളയുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ദാക്ഷായണി ഏറെ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും ഉത്തരേന്ത്യയിലുള്‍പ്പെടെ തീർഥാടന യാത്രകള്‍ നടത്തിയിരുന്നതിനാല്‍ ദീർഘകാലം വീട്ടില്‍ കാണാതിരുന്നതില്‍ അയല്‍ക്കാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അയല്‍ക്കാർക്ക് ഓർമയില്ലെന്നാണ് മറുപടി.അസ്ഥികൂടത്തിന് 18 മാസത്തോളം പഴക്കമുണ്ടെന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. മകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴികളും പൊലീസ് പരിശോധിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group