ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസില്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രധാന പ്രതികളില്‍ ഒരാളെ കൂടി കൊച്ചിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ ഉമ്മര്‍ ഫാറൂഖിനെയാണ് എന്‍.ഐ.എ സംഘം കൊച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് തൊട്ടുമുന്‍പ് നടന്ന നിര്‍ണ്ണായക ഗൂഢാലോചനയില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തതായി എന്‍.ഐ.എ അറിയിച്ചു.കേസിലെ മറ്റ് പ്രധാന പ്രതികളായ കുടക് സ്വദേശി അബ്ദുള്‍ നാസിര്‍ പി (നാസിര്‍), നൗഷാദ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം വലയിലാക്കിയിരുന്നു. ഇതില്‍ കേസിന്റെ മുഖ്യസൂത്രധാരന്മാരില് ഒരാളായ അബ്ദുള്‍ നാസിറിനെ കൊച്ചിയില്‍ നിന്നും നൗഷാദിനെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുമാണ് എന്‍.ഐ.എ പിടികൂടിയത്.
കൊച്ചിയിലെയും ബെംഗളൂരുവിലെയും എന്‍.ഐ.എ സംഘങ്ങളും ആന്ധ്രാപ്രദേശ് പോലീസും സംയുക്തമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മൂന്ന് വര്‍ഷത്തോളമായി വിവിധ സംസ്ഥാനങ്ങളില്‍ വ്യാജ പേരുകളില്‍ ഒളിവിലിരിക്കുകയായിരുന്നു ഇവര്‍.ഇതോടെ പ്രവീണ്‍ നെട്ടാരു വധക്കേസില്‍ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഒളിവിലായിരുന്ന പ്രതികളെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതി ലുക്ക് ഔട്ട് സര്‍ക്കുലറും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നതാണ്.2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലാ യുവമോര്‍ച്ച എക്സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ (26) നിരോധിത സംഘടനയായ പി.എഫ്.ഐയുടെ കൊലയാളി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
സുള്ള്യക്കടുത്ത് ബെല്ലാരെയില്‍ സ്വന്തമായി കോഴിക്കട നടത്തിവരികയായിരുന്ന പ്രവീണ്‍, രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുനിയവേ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.പ്രതികള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടന്നതായി അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ സൂചനയുണ്ടായിരുന്നു. 2022 ഓഗസ്റ്റില്‍ കേസ് ഏറ്റെടുത്ത എന്‍.ഐ.എ, 21 പേര്‍ക്കെതിരെ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകളാണ് എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസില്‍ ഇനി മൂന്ന് പ്രതികള്‍ കൂടി ഒളിവിലുണ്ടെന്നും അവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എന്‍.ഐ.എ അറിയിച്ചു.