ബെംഗളൂരു: മകളുടെ വിവാഹാഘോഷങ്ങള്‍ക്കായി വീട് ഒരുങ്ങിയിരുന്നു. വ്യാഴാഴ്ച ഹല്‍ദി ചടങ്ങുകള്‍ക്കും വളയിടല്‍ ചടങ്ങിനും തുടക്കമാകേണ്ടതായിരുന്നു.ഞായറാഴ്ച വിവാഹ സല്‍ക്കാരവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന ആ വീട്ടില്‍ ഇപ്പോള്‍ നിറയുന്നത് കണ്ണീരും നിലവിളികളുമാണ്. വാഹനാപകടത്തില്‍ ഏകമകള്‍ സിന്ധുശ്രീയെ (29) നഷ്ടപ്പെട്ട നഞ്ചുണ്ടപ്പയുടെ വാക്കുകള്‍ ആരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു.’ഇന്ന് എന്റെ മകളുടെ ഹല്‍ദി ചടങ്ങുകള്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാന്‍. ഞായറാഴ്ചയായിരുന്നു വിവാഹ സല്‍ക്കാരം. വീട് കല്യാണത്തിരക്കിലായിരുന്നു. ഇപ്പോള്‍ എല്ലാം അവസാനിച്ചു…’ മോര്‍ച്ചറിക്ക് മുന്നില്‍ നിയന്ത്രണംവിട്ടു കരഞ്ഞുകൊണ്ട് നഞ്ചുണ്ടപ്പ പറഞ്ഞ വാക്കുകള്‍ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
ബെംഗളൂരുവിലെ ദീപാഞ്ജലി നഗറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് സോഫ്റ്റ്വെയര് എന്‍ജിനീയറായ സിന്ധുശ്രീയും ബന്ധുവായ വിദ്യയും (19) മരിച്ചത്. അവസാന വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. നഞ്ചുണ്ടപ്പയുടെ സഹോദരിയുടെ മകളാണ് വിദ്യ.കര്‍ണാടകയിലെ പരമ്പരാഗത വിവാഹച്ചടങ്ങുകളായ ‘അരശിന ശാസ്ത്ര’ (ഹല്‍ദി), ‘ബളെ ശാസ്ത്ര’ (വളയിടല്‍) എന്നിവയോടെ വ്യാഴാഴ്ച സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സല്‍ക്കാരത്തിനായി കുടുംബം വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം.ബന്ധുവിന് വിവാഹക്ഷണക്കത്ത് നല്‍കാനുണ്ടെന്ന് പറഞ്ഞാണ് സിന്ധുശ്രീ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
അയല്‍വാസിയുടെ സ്കൂട്ടര്‍ വാങ്ങിയാണ് ഇരുവരും യാത്ര തിരിച്ചതെന്ന് പൊലീസ് പറഞ്ഞു. ദീപാഞ്ജലി നഗറില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.അപകടത്തിന് പിന്നാലെ ലോറി നിര്‍ത്താതെ ഓടിച്ചുപോയ ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ സന്തോഷനാളുകള്ക്കായി കാത്തിരുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.