ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 1140 കോടി ചെലവില്‍ നിർമ്മിക്കുന്ന ഷോർട്ട് ടണല്‍ പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെ, ഹൈദരാബാദ് ആസ്ഥാനമായ റിത്വിക് പ്രോജക്റ്റ്സും ആംറിലും ചേർന്ന സംയുക്ത സംരംഭത്തിനാണ് ജൂണില്‍ കരാർ നല്‍കിയത്.കരാർ ലഭിച്ചതിന് പിന്നാലെ ബല്ലാരി റോഡിലും കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാലയുടെ പരിസരത്തും നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭൂമി ഒരുക്കല്‍, പ്രാഥമിക സിവില്‍ ജോലികള്‍ എന്നിവയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ആദ്യഘട്ട രൂപരേഖ ബി സ്മൈല്‍ തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് പദ്ധതിയുടെ നിർവഹണ ചുമതല ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറി.നിലവില്‍ പദ്ധതിയുടെ ധനസഹായവും നിർമ്മാണ മേല്‍നോട്ടവും എല്ലാം ബിഡിഎയാണ് വഹിക്കുന്നത്. എന്നാല്‍, പദ്ധതി ആരംഭിച്ചിട്ടും ഇതിന്റെ സാങ്കേതിക പ്രായോഗികത, റോഡ് സുരക്ഷ, പരിസ്ഥിതി ആഘാതം, നിർമാണം മൂലമുണ്ടാകുന്ന ഗതാഗത തടസങ്ങള്‍, കൂടാതെ ഹെബ്ബാളിലെ കുരുക്ക് യഥാർഥത്തില്‍ പരിഹരിക്കാൻ ഈ ടണലിന് കഴിയുമോയെന്നത് സംബന്ധിച്ച ആശങ്കകള്‍ ശക്തമായി ഉയരുന്നുണ്ട്.നഗരാസൂത്രണ വിദഗ്ധരും ഗതാഗത വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തിട്ടുണ്ട്. ഹെബ്ബാള്‍ ജംഗ്ഷനിലെ ഗതാഗത പ്രശ്നം ദീർഘകാലമായി നഗരത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ്. അതിനാല്‍, ടണല്‍ പദ്ധതി പൂർത്തിയാകുമ്പോള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഗതാഗതക്കുരുക്ക് കുറയുമോയെന്ന് ഇനി വരുന്ന വർഷങ്ങളിലെ നിർമാണ പുരോഗതിയും പ്രവർത്തനക്ഷമതയും നിർണായകമാകും.
അതിനിടെ ഹെബ്ബാള്‍ ടണല്‍ റോഡ് പദ്ധതിക്ക് നിർണായക മുന്നേറ്റമായി, ഹെബ്ബാള്‍ തടാക പരിസരത്തെ 3.3 ഏക്കർ ഭൂമി കൈമാറാൻ കർണാടക ടാങ്ക് കണ്‍സർവേഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം വ്യവസ്ഥകളോടെയുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ തടാകത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി കർശനമായ നിബന്ധനകള്‍ പാലിക്കണമെന്നാണ് അതോറിറ്റി നിർദേശിച്ചിരിക്കുന്നത്.ഹെബ്ബാള്‍ ജംഗ്ഷനെയും ബല്ലാരി റോഡിലെ വെറ്ററിനറി കോളജിന് എതിർവശത്തുള്ള കാർഷിക സർവകലാശാല ക്വാർട്ടേഴ്സിനെയും ബന്ധിപ്പിക്കുന്ന ഷോർട്ട് ടണല്‍ നിർമ്മിക്കാനാണ് ഈ ഭൂമി ഉപയോഗിക്കുക. പദ്ധതിക്കാവശ്യമായ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ഈ വർഷം ജൂണില്‍ കെടിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു.അപേക്ഷ പരിശോധിച്ച ശേഷമാണ് 3.3 ഏക്കർ ഭൂമി കൈമാറാൻ വ്യവസ്ഥകളോടെയുള്ള അനുമതി നല്കാൻ കെടിസിഡിഎ തീരുമാനിച്ചത്. തടാകത്തിന്റെ ജലപ്രവാഹം, പ്രകൃതിദത്ത ആവാസവ്യവസ്ഥ, മരങ്ങള്‍, ജൈവവൈവിധ്യം എന്നിവയ്ക്ക് ദോഷം സംഭവിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർമാണത്തിനിടെ സ്വീകരിക്കണമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.