ബെംഗളൂരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണത്തില്‍ നാലിലൊന്ന് ജോലികള്‍ ഇനിയും ബാക്കിയെന്ന് റിപ്പോർട്ട്.സില്‍ക്ക് ബോർഡില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ 58 കിലോമീറ്റർ നീളത്തില്‍ നിർമ്മിക്കുന്ന ഈ പാതയുടെ സിവില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ 72 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റില്‍ അറിയിച്ചു. പദ്ധതിയുടെ മുഴുവൻ നിർമ്മാണവും 2027 അവസാനത്തോടെ പൂർത്തിയാക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.14,788 കോടി ചെലവില്‍ നടപ്പാക്കുന്ന നമ്മ മെട്രോ രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായ ബ്ലൂ ലൈൻ സില്‍ക്ക് ബോർഡ്, കെആർ പുരം, ഹെബ്ബാള്‍, കെംപെഗൗഡ വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കും.
എന്നാല്‍ ഏറ്റവും പുതിയ പുരോഗതി റിപ്പോർട്ട് പ്രകാരം പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകാൻ ഇനിയും നിർണായകമായ നിർമാണ പ്രവർത്തനങ്ങള്‍ ബാക്കിയുണ്ട്.സമീപകാല അവലോകന യോഗത്തിന് ശേഷം ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചതനുസരിച്ച്, സില്‍ക്ക് ബോർഡ്-കെആർ പുരം ഭാഗം 2026 അവസാനത്തോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഹെബ്ബാള്‍-വിമാനത്താവളം ഭാഗം 2027 പകുതിയോടെ സർവീസിന് തയ്യാറാകും. ഏറ്റവും വെല്ലുവിളി നിറഞ്ഞ കെആർ പുരം-ഹെബ്ബാള്‍ ഭാഗത്തിന്റെ നിർമ്മാണം 2027 അവസാനത്തോടെ പൂർത്തിയാക്കാനാണ് പദ്ധതി.സില്‍ക്ക് ബോർഡ്-കെ.ആർ. പുരം ഉയർന്ന പാതയുടെ നിർമ്മാണം 2021 ഓഗസ്റ്റിലും, കെആർ പുരം-വിമാനത്താവളം ഭാഗത്തെ പ്രവൃത്തികള്‍ 2022 തുടക്കത്തിലും ആരംഭിച്ചിരുന്നു. പല ഭാഗങ്ങളിലും നിർമ്മാണം പുരോഗമിച്ചെങ്കിലും കെആർ പുരം-ഹെബ്ബാള്‍ ഭാഗം ഇപ്പോഴും കാര്യമായി തന്നെ പിന്നിലാണ് എന്നതാണ് പ്രധാന കാര്യം.മെട്രോ പദ്ധതികള്‍ക്ക് സാധാരണയായി അനുമതി ലഭിച്ചതിന് ശേഷം അഞ്ച് മുതല്‍ ആറ് വർഷത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍, മരങ്ങള്‍ മുറിക്കാനുള്ള അനുമതി, കോടതി കേസുകള്‍, മറ്റ് പ്രാദേശിക തടസങ്ങള്‍ എന്നിവ പദ്ധതികളുടെ സമയക്രമത്തെ ബാധിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ 45 കിലോമീറ്റർ ദൈർഘ്യമുള്ള ഓറഞ്ച് ലൈൻ പദ്ധതിയുടെ ഭൗതിക പുരോഗതി വെറും 3.6 ശതമാനം മാത്രമാണെന്നും കേന്ദ്ര സർക്കാർ പാർലമെന്റില്‍ അറിയിച്ചു. കെംപാപുര-ജെപി നഗർ (ഔട്ടർ റിംഗ് റോഡ് വഴി), ഹോസഹള്ളി-കടബഗെരെ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് രണ്ട് വർഷം മുമ്പ് 15,611 കോടി ചെലവില്‍ അംഗീകാരം ലഭിച്ചിരുന്നു.മെട്രോ പാതയുടെ മുകളിലൂടെ 37 കിലോമീറ്റർ നീളത്തില്‍ ഡബിള്‍ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നിർദ്ദേശത്തിന് അനുമതി വൈകിയതാണ് പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിരിക്കുന്നത്.
ഏകദേശം 9,700 കോടി ചെലവുള്ള ഈ ഫ്ലൈഓവർ സംസ്ഥാന സർക്കാർ തന്നെ ധനസഹായം നല്കി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് നിർമ്മാണ പാക്കേജുകള്‍ക്കായി ബിഎംആർസി എല്‍ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ പ്രവർത്തനങ്ങള്‍ മന്ദഗതിയിലാണ്.നമ്മ മെട്രോ രണ്ടാംഘട്ടം നിലവില്‍ 95 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ഘട്ടത്തിലെ 72 കിലോമീറ്റർ പാതയില്‍ കലേന അഗ്രഹാര-നാഗവാരയെ ബന്ധിപ്പിക്കുന്ന 21 കിലോമീറ്റർ പിങ്ക് ലൈൻ മാത്രമാണ് ഇനി പ്രവർത്തനക്ഷമമാകാനുള്ളത്. ഡയറി സർകിളില് നിന്ന് നാഗവാര വരെയുള്ള 13 കിലോമീറ്റർ ഭൂഗർഭ പാത ഉള്‍പ്പെടെയുള്ള പിങ്ക് ലൈൻ മുഴുവനായും 2027 മാർച്ചോടെ സർവീസിന് സജ്ജമാക്കാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്.