ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായുള്ള നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ നിർദിഷ്ട ഓറഞ്ച് ലൈൻ നിർമാണം ഇഴയുന്നു.44.65 കിലോമീറ്റർ ദൈർഘ്യമുള്ള ഓറഞ്ച് ലൈൻ നിർമാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഓറഞ്ച് ലൈനില്‍ 3.6 ശതമാനം ജോലികള്‍ മാത്രമാണ് പൂർത്തിയായതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റില്‍ വ്യക്തമാക്കി. കെമ്പാപുര – ജെപി നഗർ (ഔട്ടർ റിങ് റോഡ്), ഹൊസഹള്ളി – കടബഗെരെ എന്നിവയെ ബന്ധിപ്പിക്കുന്ന ഓറഞ്ച് ഇടനാഴിക്ക് രണ്ട് വർഷം മുൻപ് അംഗീകാരം ലഭിച്ചെങ്കിലും നിർമാണം പലവിധ കാരണങ്ങളാല്‍ വൈകുകയാണ്.15,611 കോടി രൂപ പദ്ധതിച്ചെലവ് കണക്കാക്കുന്ന ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ 2031ഓടെ നിർമാണം പൂർത്തിയാക്കി ലൈൻ തുറന്നുകൊടുക്കാനാണ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ (ബിഎംആർസിഎല്‍) ലക്ഷ്യമിടുന്നത്.
മെട്രോ അലൈൻമെന്റിന്റെ ഒരു ഭാഗത്തിന് മുകളില്‍ 37 കിലോമീറ്റർ ഡബിള്‍ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനാണ് കർണാടക സർക്കാരിൻ്റെ നിർദേശം. പദ്ധതിയുടെ മൂന്ന് നിർമാണ പാക്കേജുകള്‍ക്കുള്ള ടെൻഡറുകള്‍ ബിഎംആർസിഎല്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും അനുമതി വൈകുന്നത് പദ്ധതിയുടെ നിർമാണ പുരോഗതിയെ തടസ്സപ്പെടുത്തി.ഓറഞ്ച് ലൈൻ പ്രധാനമായും ഔട്ടർ റിങ് റോഡ് വെസ്റ്റ് വഴിയാണ് കടന്നുപോകുന്നത്. ജെപി നഗർ 4-ാം ഫേസ് (JP Nagar 4th Phase) മുതല്‍ ഹെബ്ബാളിനടുത്തുള്ള കെംപാപുരവരെയാണ്. റൂട്ടിലാകെ 22 എലവേറ്റഡ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, നമ്മ മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈനിലെ നിർമാണം 95 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു.
ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായാണ് ഓറഞ്ച് ലൈൻ ആസൂത്രണം ചെയ്യുന്നത്. നിരത്തിലെ തിരക്കില്‍ നിന്നൊഴിവാക്കി നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് അതിവേഗം എത്താൻ മെട്രോ സർവീസുകളയാണ് യാത്രക്കാർ നിലവില്‍ കൂടുതലായി ആശ്രയിക്കുന്നത്.ബെംഗളൂരു നമ്മ മെട്രോയുടെ രണ്ടാം ഘട്ടം നിലവിലുള്ള ശൃംഖലയെ 72 കിലോമീറ്ററിലധികം വ്യാപിപ്പിക്കുന്ന വൻകിട പദ്ധതിയാണ്. കലേന അഗ്രഹാരയ്ക്കും നാഗവാരയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ പിങ്ക് ലൈൻ ഒഴികെയുള്ള എല്ലാ ഇടനാഴികളും പ്രവർത്തനക്ഷമമാണ്. ഡയറി സർക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 13 കിലോമീറ്റർ ഭൂഗർഭ ഭാഗം ഉള്‍പ്പെടെ മുഴുവൻ പിങ്ക് ലൈനിന്റെയും നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കാൻ ബിഎംആർസിഎല്‍ പദ്ധതിയിടുന്നു.