ബെംഗളൂരു: തെക്കുപടിഞ്ഞാറണ്‍ പടിഞ്ഞാറണ്‍ മണ്‍സൂണ്‍ ദുർബലമായതോടെ കുടിവെള്ളക്ഷാമം നേരിടാനുള്ള നടപടികളിലേക്ക് ബാംഗ്ലൂർ ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്‌എസ്ബി).നഗരത്തില്‍ ഇത്തവണ മഴ കുറഞ്ഞതോടെ ബെംഗളൂരുവിലെ ജലവിതരണ വകുപ്പ് കർശനമായ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. വാഹനങ്ങള്‍ കഴുകുന്നതിനും നീന്തല്‍ക്കുളങ്ങള്‍ വെള്ളം നിറയ്ക്കുന്നതിലുമടക്കം നടപടികള്‍ അവതരിപ്പിച്ചു.കുടിവെള്ള പ്രശ്നം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ കുടിവെള്ളം ശ്രദ്ധയോടെ ഉപയോഗിക്കാൻ പൗരസമിതി ആവശ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ഈടാക്കുമെന്നും ആവർത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ജലവിതരണത്തില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
നിലവില്‍ നല്‍കിയ കർശന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ 5,000 രൂപ പിഴ ഈടാക്കുമെന്ന് ബിഡബ്ല്യുഎസ്‌എസ്ബി ചെയർപേഴ്‌സണ്‍ ഡോ.മഞ്ജുള പറഞ്ഞു. പിഴയ്ക്ക് പുറമേ, ആവർത്തിച്ചുള്ള നിയമലംഘനം നടത്തുന്നവർക്കുള്ള ജലവിതരണം 50 ശതമാനം വരെ കുറയ്ക്കാമെന്ന് ബോർഡ് മുന്നറിയിപ്പ് നല്‍കി. പ്രാരംഭ നടപടി സ്വീകരിച്ചിട്ടും കുടിവെള്ള ഉപയോഗത്തില്‍ ലംഘനങ്ങള്‍ തുടരുകയാണെങ്കില്‍ പ്രതിദിനം 500 രൂപ വീതം അധിക പിഴയും കൂടുതല്‍ നിയമനടപടികളും ഉണ്ടാകും. ലഭ്യമായ കുടിവെള്ളം അവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് നിയന്ത്രണങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ബിഡബ്ല്യുഎസ്‌എസ്ബി പറഞ്ഞു.കുടിവെള്ള പ്രതിസന്ധി മുന്നില്‍ കണ്ട് നടപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരം വാഹനങ്ങള്‍ കഴുകുക, പൂന്തോട്ടങ്ങളും പാർക്കുകളും നനയ്ക്കുക, റോഡുകളും നടപ്പാതകളും വൃത്തിയാക്കാൻ കുടിവെള്ളം ഉപയോഗിക്കുക, നിർമാണ പ്രവർത്തനങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിക്കുക എന്നീ നടപടികള്‍ക്ക് വിലക്കുണ്ട്.താമസക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍, കരാറുകാർ എന്നിവർ കുടിവെള്ളത്തിന് പകരം സംസ്കരിച്ച വെള്ളമോ മറ്റ് ബദല്‍ ജലസ്രോതസ്സുകളോ ഉപയോഗിക്കണമെന്ന് ബിഡബ്ല്യുഎസ്‌എസ്ബി നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ – പൊതു നീന്തല്‍ക്കുളങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു. സംസ്കരിച്ചതോ പുനരുപയോഗിച്ചതോ ആയ വെള്ളം മാത്രമേ ഇവിടെ ഉപയോഗിക്കാവൂ. നഗരത്തിലെ റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍, അപ്പാർട്ടുമെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍, ഹോട്ടലുകള്‍, വ്യവസായങ്ങള്‍ എന്നിവടങ്ങളില്‍ ജലം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ബിഡബ്ല്യുഎസ്‌എസ്ബി ഏർപ്പെടുത്തി.ജലക്ഷാമം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബിഡബ്ല്യുഎസ്‌എസ്ബി കർശന നടപടികളിലേക്ക് നീങ്ങുന്നത്. കർണാടകയില്‍ സാധാരണ ലഭിക്കുന്നതിലും താഴെയാണ് ഇത്തവണ മഴ ലഭിച്ചത്. ഈ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാധ്യത രൂക്ഷമാണ്. ഇതിനിടെയാണ് പുതിയ നടപടികള്‍. മഴ മെച്ചപ്പെടുന്നതുവരെ ജലസംരക്ഷണത്തില്‍ സഹകരിക്കാൻ താമസക്കാരോട് അധികൃതർ അഭ്യർഥിച്ചു.