ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ 72 ശതമാനം ജോലികള്‍ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പാർലമെന്റിലാണ് നിർണായക വിവരം പങ്കുവച്ചത്. 2027 അവസാനത്തോടെ മുഴുവൻ ഇടനാഴിയും പൂർത്തിയാക്കാനാണ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ (ബിഎംആർസിഎല്‍) ലക്ഷ്യമിടുന്നത്.ബെംഗളൂരുവിലെ ഏറെ തിരക്കുള്ള സില്‍ക്ക് ബോർഡിനെയും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ 58.19 കിലോമീറ്ററില്‍ 72 ശതമാനം ജോലികളാണ് ഇതുവരെ പൂർത്തിയായത്. നമ്മ മെട്രോ ഫേസ് IIA, IIB എന്നിവയുടെ കീഴില്‍ 14,788 കോടി രൂപ ചെലവിലാണ് ബ്ലൂ ലൈൻ വികസനം നടക്കുന്നത്.നമ്മ മെട്രോയുടെ ബ്ലൂ ലൈനിൻ്റെ ആകെ ദൈർഘ്യം 58.19 കിലോമീറ്ററാണ്.
പാതയില്‍ 29 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്. സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിന്ന് ആരംഭിച്ച് ഔട്ടർ റിങ് റോഡ് (ORR) വഴി കെആർ പുരം, നാഗവാര, ഹെബ്ബാള്‍, യെലഹങ്ക, ബാഗലൂർ ക്രോസ് വഴി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസാനിക്കുന്നതാണ് നമ്മ മെട്രോ ബ്ലൂ ലൈൻ.ഐടി ഇടനാഴിയായ ബെല്ലന്തൂർ, മാരത്തഹള്ളി, മഹാദേവപുര എന്നിവയെയും വിമാനത്താവളത്തെയും നഗരവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാതയാണിത്.2026 അവസാനത്തോടെ സില്‍ക്ക് ബോർഡ് – കെആർ പുര ഭാഗം ആദ്യം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അടുത്തിടെ പറഞ്ഞിരുന്നു. തുടർന്ന് 2027 മധ്യത്തോടെ ഹെബ്ബാള്‍ – കെഐഎ സ്ട്രെച്ച് തുറക്കും. കെആർ പുര – ഹെബ്ബാള്‍ ഭാഗം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായിട്ടാണ് കണക്കാക്കുന്നത്. 2027 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.സില്‍ക്ക് ബോർഡ് – കെആർ പുര എലിവേറ്റഡ് കോറിഡോർ നിർമാണം 2021 ഓഗസ്റ്റിലാണ് ആരംഭിച്ചത്.
അതേസമയം കെആർ പുര – എയർപോർട്ട് വിഭാഗത്തിന്റെ ജോലികള്‍ 2022ന്റെ തുടക്കത്തില്‍ ആരംഭിച്ചു. നിരവധി ഭാഗങ്ങളില്‍ ജോലികള്‍ ക്രമാനുഗതമായി പുരോഗമിച്ചിട്ടുണ്ടെങ്കിലും കെആർ പുര – ഹെബ്ബാല്‍ റൂട്ടിലെ നിർമാണം പല കാരണങ്ങളാല്‍ വൈകുകയാണ്.കെആർ പുര – ഹെബ്ബാള്‍ സ്ട്രച്ച് നിർമാണം ഒന്നിലധികം കാരണങ്ങളാല്‍ വൈകി.2023 ജനുവരിയില്‍ നിർമാണത്തിലിരുന്ന ഒരു പിയർ തകർന്ന് ഒരു സ്ത്രീയും അവരുടെ രണ്ടര വയസ്സുള്ള മകനും മരിച്ചതിനെത്തുടർന്ന് നിർമാണം മാസങ്ങളോളം നിർത്തിവച്ചു. കർശനമായ നിർമാണ സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവതരിപ്പിച്ചതിനുശേഷം മാത്രമാണ് ബിഎംആർസിഎല്‍ പിന്നീട് ജോലി പുനരാരംഭിച്ചത്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം, മരം വെട്ടിമാറ്റല്‍, ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക്, ട്രാഫിക് പോലീസില്‍ നിന്നുള്ള ക്ലിയറൻസ്, തൊഴിലാളി ക്ഷാമം എന്നിവയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കി.
സില്‍ക്ക് ബോർഡ് – കെആർ പുര സെക്ഷനില്‍ പരീക്ഷണ ഓട്ടം ആരംഭിക്കാനുള്ള നീക്കം ബിഎംആർസിഎല്‍ നടത്തിയിരുന്നു. ബയ്യപ്പനഹള്ളിയിലേക്കുള്ള ഡിപ്പോ കണക്റ്റിവിറ്റി, സില്‍ക്ക് ബോർഡ്, ഇബ്ലൂർ, മാറത്തഹള്ളി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ ജോലികള്‍ ഉള്‍പ്പെടെ ഇനിയും പൂർത്തിയാകാനുണ്ട്.രാജ്യത്തുടനീളമുള്ള മെട്രോ പദ്ധതികള്‍ക്ക് അനുവദിച്ച തീയതി മുതല്‍ അഞ്ച് മുതല്‍ ആറ് വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കല്‍, പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിലെ മരങ്ങള്‍ നീക്കം ചെയ്യല്‍, കോടതി കേസുകള്‍, മറ്റ് പ്രാദേശിക പ്രശ്നങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും സമയപരിധി നിശ്ചിയിക്കലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.