ബെംഗളൂരു: യാത്രക്കാർ ഏറെ നാളായി കാത്തിരിക്കുന്ന നഗരത്തിലെ സുപ്രധാന ഇടമായ ഔട്ടർ റിംഗ് റോഡ് ഉടൻ തന്നെ മികച്ച സൗകര്യങ്ങളുള്ള മാതൃകാ റോഡായി മാറിയേക്കുമെന്ന് സൂചന.ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) സെൻട്രല്‍ സില്‍ക്ക് ബോർഡ് ജംഗ്‌ഷൻ മുതല്‍ കെആർ പുരം വരെയുള്ള റോഡ് വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതോടെയാണ് റോഡിന്റെ മുഖം അടിമുറി മാറാൻ വഴിയൊരുങ്ങുന്നത്.പദ്ധതി നടപ്പായാല്‍ ഈ റോഡിലുള്ള 10 ബസ് സ്‌റ്റോപ്പുകളും ആധുനിക സൗകര്യങ്ങളുള്ള സ്‌മാർട്ട് ബസ് സ്‌റ്റോപ്പുകളാക്കി മാറ്റും. യാത്രക്കാർക്ക് ഇരിക്കാനും കാത്തിരിപ്പിനുമുള്ള സൗകര്യമുള്ള ഷെല്‍ട്ടറുകള്‍, ബസ് എത്തുന്ന സമയം കാണിക്കുന്ന ഡിജിറ്റല്‍ സ്ക്രീനുകള്‍, സിസിടിവി ക്യാമറകള്‍, മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ എന്നിവ ഇവിടെ ഒരുക്കും.
ഇലക്‌ട്രോണിക്‌സ് സിറ്റി ഇൻഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് അതോറിറ്റി (എല്‍സിറ്റ) വികസിപ്പിച്ച സ്‌മാർട്ട് ബസ് സ്‌റ്റോപ്പുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും ഇവ. ഫ്ലൈഓവറുകള്‍ക്ക് താഴെയുള്ള ഉപയോഗിക്കാത്ത സ്ഥലങ്ങളും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഇടങ്ങളാക്കി മാറ്റാനാണ് നീക്കം. ജംഗ്‌ഷനുകള്‍ക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ ഇപ്പോള്‍ ചില അനകൃത പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ തന്നെ പറയുന്നു.ഈ സ്ഥലങ്ങള്‍ക്ക് പുതിയ രൂപം നല്‍കുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ അടുത്തിടെ നടന്ന ഒരു യോഗത്തില്‍ അറിയിച്ചിരുന്നു. ഫ്ലൈഓവറുകള്‍ക്ക് താഴെയുള്ള സ്ഥലങ്ങളില്‍ വിനോദ സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍, മാർക്കറ്റ് മേഖലകള്‍, ‘ഗിഗ് ഹബ്ബുകള്‍’ എന്നിവ ഒരുക്കാനാണ് പദ്ധതി. ഗിഗ് തൊഴിലാളികള്‍ക്കും ഈ റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും ഇവ നിർമ്മിക്കുക.ഇവിടെ ഇരിപ്പിടങ്ങള്‍, മൊബൈല്‍ ചാർജ് ചെയ്യാനുള്ള ലോക്കറുകള്‍, സൗജന്യ വൈ-ഫൈ, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാക്കും. സൈക്കിളുകള്‍, ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ തുടങ്ങിയ ചെറിയ യാത്രാ വാഹനങ്ങള്‍ പാർക്ക് ചെയ്യാനും ഉപയോഗിക്കാനുമുള്ള പ്രത്യേക കേന്ദ്രങ്ങളും ഒരുക്കും.
സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിങ് സംവിധാനവും ഉണ്ടാവും.ഓട്ടോറിക്ഷകള്‍ക്ക് ക്രമമായി നിർത്താനുള്ള പ്രത്യേക സ്ഥലവും ഡിജിറ്റല്‍ ക്യൂ സംവിധാനവും ഉണ്ടാകും. ഇതിലൂടെ യാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്‌ടിക്കാനാണ് ലക്ഷ്യം. ഹോങ്കോങ്, മെല്‍ബണ്‍, കാനഡയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലെ വികസന മാതൃകകളില്‍നിന്നാണ് ഈ പദ്ധതിയിലെ പല ആശയങ്ങളും സ്വീകരിച്ചിരിക്കുന്നത്.ഇതുകൂടാതെ, ബസുകള്‍ക്കായി പ്രത്യേക പാതയും വിശാലമായ നടപ്പാതകളും ഒരുക്കും. സാധ്യമാകുന്ന സ്ഥലങ്ങളില്‍ സൈക്കിള്‍ പാതകളും നിർമ്മിക്കും. ഔട്ടർ റിംഗ് റോഡിലെ വിവിധ ഓഫീസുകളിലായി ഏകദേശം 6.42 ലക്ഷം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ റോഡിലൂടെ ഏകദേശം 3.38 ലക്ഷം വാഹനങ്ങള്‍ സഞ്ചരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ആകെ 17.1 കിലോമീറ്റർ ദൂരത്തിലുള്ള ആറ് പ്രധാന ജംഗ്‌ഷനുകള്‍ വികസിപ്പിക്കാനാണ് തീരുമാനം. മുഴുവൻ പുനർവികസന പദ്ധതിക്കുമായി ഏകദേശം 450 കോടി രൂപ ചെലവ് വരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എങ്കിലും പദ്ധതി പൂർത്തിയായാല്‍ യാത്രക്കാർക്കും പ്രദേശവാസികള്‍ക്കും അത് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.