Home കർണാടക ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ എത്തുന്നൂ; ഇനി ട്രെയിനുകളുടെ ഇടവേള കുറയും

ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ എത്തുന്നൂ; ഇനി ട്രെയിനുകളുടെ ഇടവേള കുറയും

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്നതിന് നമ്മ മെട്രോ വഹിക്കുന്ന പങ്ക് ചെറുതല്ല. നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് മെട്രോ വ്യാപിക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.ഇതിനിടെ ഏറെ തിരക്കുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് പതിമൂന്നാമത്തെ ട്രെയിൻ സർവീസിനായി എത്തും.ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അടുത്ത ആഴ്ച മുതല്‍ യെല്ലോ ലൈനിനായുള്ള പതിമൂന്നാമത്തെ ട്രെയിൻ സെറ്റ് ഉള്‍പ്പെടുത്തുമെന്ന് മുതിർന്ന ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ പറഞ്ഞു. 19.75 കിലോമീറ്റർ നീളമുള്ള ആർ.വി. റോഡ് – ബൊമ്മസന്ദ്ര പാതയിലെ സർവീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വരും ആഴ്ചകളില്‍ ട്രെയിനുകളുടെ ഇടവേള കുറയ്ക്കാനും ഇത് സഹായിക്കും.

കൊല്‍ക്കത്തയ്ക്കടുത്തുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്‌എല്‍) നിർമ്മിച്ച ആറ് കോച്ച്‌ ട്രെയിൻ ജൂണില്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തി.പ്രധാന പാതയില്‍ നടത്തേണ്ട 750 കിലോമീറ്ററിന്റെ നിർബന്ധിത ഡൈനാമിക് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഈ ട്രെയിനിന് സർവീസ് അനുമതി ലഭിച്ചത്. ട്രെയിൻ സെറ്റ് പ്രധാന പാതകളില്‍ 750 കിലോമീറ്റർ ഡൈനാമിക് ടെസ്റ്റിങ് ട്രെയിൻ വിജയകരമായി പൂർത്തിയാക്കിയതായും ഇപ്പോള്‍ പാസഞ്ചർ സർവീസിലേക്ക് പ്രവേശിക്കാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.നിലവില്‍ ഏറെ തിരക്കുള്ള യെല്ലോ ലൈനില്‍ 10 ട്രെയിൻ സെറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. 15 ട്രെയിൻ സെറ്റുകളും കമ്മീഷൻ ചെയ്തുകഴിഞ്ഞാല്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്ന് ബിഎംആർസിഎല്‍ പ്രതീക്ഷിക്കുന്നുണ്ട്. പീക്ക് സമയങ്ങളില്‍ ഓരോ നാല് മുതല്‍ അഞ്ച് മിനിറ്റിലും ട്രെയിനുകള്‍ സർവീസ് നടത്തുന്നുണ്ട്.അതേസമയം, ബിഎംആർസിഎല്ലിന് അടുത്തിടെ ഹെബ്ബഗോഡി ഡിപ്പോയില്‍ യെല്ലോ ലൈനിനായുള്ള 14-ാമത്തെ ട്രെയിൻ സെറ്റ് ലഭിച്ചു.

പുതുതായി എത്തിച്ച ട്രെയിൻ വാണിജ്യ പ്രവർത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് മുൻപ് നിർബന്ധിത പരിശോധനകള്‍ക്കും ട്രെയല്‍ നടപടികള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ടിആർഎസ്‌എല്ലിന് ഇനി യെല്ലോ ലൈനിനായി ഒരു ട്രെയിൻ സെറ്റ് മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. ജൂലൈ അവസാനത്തോടെ അവസാന ട്രെയിൻ ബെംഗളൂരുവില്‍ എത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നമ്മ മെട്രോ യെലോ ലൈനിലെ ഇടനാഴിക്കായി ആസൂത്രണം ചെയ്തിട്ടുള്ള ആകെ 15 ട്രെയിൻ സെറ്റുകളില്‍ 13 എണ്ണം യാത്രാക്കാർക്കായി വിന്യസിക്കും. അടിയന്തരാവസ്ഥകള്‍, ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികള്‍ അല്ലെങ്കില്‍ അപ്രതീക്ഷിത സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയില്‍ തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാൻ രണ്ടെണ്ണം റിസർവ് സ്റ്റോക്കായി നിലനിർത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group