Home കർണാടക ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും

ബെംഗളൂരു: മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ ഏറെയുള്ള കർണാടകയില്‍ ഈ മാസം അഞ്ചാം തീയതി മുതല്‍ ബസ് ചാർജ് ഉയരും. കർണാടകയിലെ സർക്കാർ ബസുകളുടെ നിരക്ക് നവംബർ അഞ്ചാം തീയതി വ്യാഴാഴ്ച മുതല്‍ വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ബൈരാത്തി സുരേഷ് അറിയിച്ചു.നിരക്കുവർധനയുടെ തോത് സംബന്ധിച്ച വിവരങ്ങള്‍ നാലാം തീയതി തീരുമാനിക്കും.സർക്കാർ ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാർഥികള്‍ക്കും നിരക്ക് വർധന ബാധകമായിരിക്കില്ല. സർക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ ‘ശക്തി’ പദ്ധതി പ്രകാരം സ്ത്രീകള്‍ക്കും വിദ്യാർഥികള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിച്ചിടുണ്ട്. ബസ് നിരക്ക് വർധന സംബന്ധിച്ച വിഷയം അടുത്തിടെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്തെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ അഞ്ച് തവണ ഡീസല്‍ വില വർധിപ്പിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ നാല് ഗതാഗത കോർപറേഷനുകള്‍ക്കും കൂടി പ്രതിവർഷം 2,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി ഗതാഗത മന്ത്രി ബൈരാത്തി സുരേഷ് ആരോപിച്ചു. ഇതിനുപുറമെ, 9,000 കോടിയുടെ നഷ്ടം കോർപറേഷനുകള്‍ നേരിടുന്നുണ്ടെന്ന് ചിക്ക്ബല്ലാപ്പൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ ഗതാഗത കോർപറേഷനുകളെ ശക്തിപ്പെടുത്താൻ നിരക്ക് വർധന അനിവാര്യമാണെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വർധന സബന്ധിച്ച്‌ ചർച്ച ചെയ്തിരുന്നു. നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഡികെ ശിവകുമാർ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.ബസ് നിരക്ക് എത്രത്തോളം വർധിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിനായി നവംബർ നാലാം തീയതി ഗതാഗത വകുപ്പ് നാല് കോർപറേഷനുകളിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

പുതുക്കിയ നിരക്കുകള്‍ നവംബർ അഞ്ചാം തീയതി ഗതാഗത മന്ത്രി പറഞ്ഞു. ഈ മാസം ആദ്യം, പബ്ലിക് ട്രാൻസ്‌പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി (PTFRC) സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുല്‍ കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കെഎസ്‌ആർടിസി (KSRTC), എൻഡബ്ല്യുകെആർടിസി (NWKRTC), കെകെആർടിസി (KKRTC) എന്നിവയ്ക്ക് 25 ശതമാനവും, ബിഎംടിസിക്ക് (BMTC) 40 ശതമാനവും നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ധന വില, സ്പെയർ പാർട്‌സുകള്‍, അറ്റകുറ്റപ്പണികള്‍, പുതിയ ബസുകള്‍ വാങ്ങല്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച്‌ കോർപറേഷനുകളുടെ സാമ്പത്തിക സ്ഥിതി സമിതി വിലയിരുത്തി.

ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് വിശേഷിപ്പിച്ച സമിതി നിരക്ക് വർധിപ്പിച്ചില്ലെങ്കില്‍ കോർപറേഷനുകള്‍ അതീവ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഏറ്റവും ഒടുവിലായി 2025 ജനുവരി അഞ്ചിനാണ് കോർപറേഷനുകള്‍ ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചത്.പ്രൊവിഡന്റ് ഫണ്ട്, ഡീസല്‍, ഗ്രാറ്റുവിറ്റി കുടിശ്ശിക, വിരമിച്ച ജീവനക്കാർക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 6,600 കോടി രൂപയുടെ ബാധ്യത ഈ കോർപറേഷനുകള്‍ക്കുണ്ട്. ആർടിസികളുടെ കണക്കനുസരിച്ച്‌ 2026 ജൂലൈ ഒന്നുമുതല്‍ നടപ്പിലാക്കിയ 12.5 ശതമാനം ശമ്പള വർധനവ് വാർഷിക ചെലവില്‍ 873.64 കോടി രൂപയുടെ അധിക ബാധ്യത വരുത്തിയിട്ടുണ്ട്. ഡീസല്‍ വിലയില്‍ ലിറ്ററിന് 7.81 രൂപ വർദ്ധിച്ചത് ഇന്ധനച്ചെലവില്‍ 395 കോടി രൂപയുടെ വർധനവിനും കാരണമായി.

You may also like

error: Content is protected !!
Join Our WhatsApp Group