കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ആവശ്യപ്പെട്ടു.അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും, ഇത് കേസിലെ നിർണായക തെളിവുകള്‍ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
നിലവില്‍ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്.എന്നാല്‍ തെളിവ് നശിപ്പിക്കല്‍, അന്വേഷണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തില്‍ വലിയ വീഴ്ചയുണ്ടായെന്നും, ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. അന്വേഷണം സുതാര്യമായും നിഷ്പക്ഷമായും പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.