ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ലൈംഗിക അതിക്രമ വാര്‍ത്തയില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരിക്ക് നേരെ ഓഫീസ് ക്യാബില്‍ ക്രൂരമായ ബലാത്സംഗം.സംഭവത്തില്‍ പ്രതിയായ തെലങ്കാന രംഗറെഡ്ഡി സ്വദേശിയും ഡ്രൈവറുമായ ഇറപൊഗു പ്രശാന്ത് കുമാറിനെ (23) പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി കമ്പികള്‍ക്ക് പിന്നിലാക്കി.ജൂലൈ 20-നായിരുന്നു രാജ്യത്തെയും വ്യോമയാന മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 2.40-ഓടെ ഷംഷാബാദിലുള്ള സ്വന്തം വസതിയില്‍ നിന്നും എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിക്കായി ഇറങ്ങിയ 37-കാരിയായ യുവതിയാണ് കമ്പനി ഏര്‍പ്പാടാക്കിയ കാബില്‍ കയറിയത്.വിമാനത്താവളത്തിലേക്കുള്ള പതിവ് വഴികളിലൂടെ പോകാതെ, ഡ്രൈവറായ പ്രശാന്ത് കുമാര്‍ കാബ് മനഃപൂര്‍വ്വം വിജനമായ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന് അടുത്തേക്ക് കാര്‍ കൊണ്ടുവന്ന് നിര്‍ത്തുകയും ചെയ്തു. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഇയാള്‍, മിനിറ്റുകള്‍ക്കകം തിരികെയെത്തി കാറിന്റെ പിന്‍വാതില്‍ തുറന്ന് കയറി യുവതിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ തളരാതെ പ്രതിയെ സര്‍വ്വശക്തിയുമെടുത്ത് തള്ളിമാറ്റി ഒരുവിധം രക്ഷപ്പെട്ട യുവതി കാബില്‍ നിന്നും പുറത്തേക്ക് കുതറിയോടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു നിര്‍മ്മാണ തൊഴിലാളിയോട് യുവതി കരഞ്ഞുകൊണ്ട് വിവരം പറഞ്ഞു. ഇയാള്‍ ഡ്രൈവര്‍ക്ക് നേരെ അടുക്കുന്നത് കണ്ടതോടെ പ്രശാന്ത് കുമാര്‍ കാറുമായി സംഭവസ്ഥലത്തുനിന്ന് അതിവേഗം പാഞ്ഞുപോയി. തുടര്‍ന്ന്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസ് ഔട്ട്‌പോസ്റ്റിലെത്തി യുവതി ധൈര്യപൂര്‍വ്വം പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ രംഗത്തിറങ്ങിയ പോലീസ് ജൂലൈ 21-ന് തന്നെ പ്രതിയായ പ്രശാന്ത് കുമാറിനെ വലയിലാക്കി.ഭാരതീയ ന്യായ സംഹിതയിലെ പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ കടുത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എ.സി.പി വി. ശ്രീകാന്ത് ഗൗഡ് വ്യക്തമാക്കി. ജീവനക്കാരുടെ യാത്രയ്ക്കായി വിമാനക്കമ്പനി കരാറിലേര്‍പ്പെട്ട പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയിലെ ഡ്രൈവറാണ് അറസ്റ്റിലായ പ്രശാന്ത്. ചോദ്യം ചെയ്യലില്‍ താന്‍ ചെയ്ത ക്രൂരകൃത്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.