ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നഗരാന്തര യാത്രാ പാതകളിലൊന്നായി ബെംഗളൂരു-മൈസൂരു ഇടനാഴി. ഉബറിന്റെ ഇന്റര്‍സിറ്റി ട്രാവല്‍ ഇന്‍ഡക്‌സില്‍ ആണ് ഈ നേട്ടം.പ്രസ്തുത സൂചികയില്‍ ബെംഗളൂരു-മൈസൂരു ഇടനാഴി മൂന്നാം സ്ഥാനത്താണ്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.മുംബൈ-പുനെ, ഡല്‍ഹി-ആഗ്ര, ബെംഗളൂരു-മൈസൂരു, ലഖ്നൗ-കാണ്‍പൂര്‍, അഹമ്മദാബാദ്-വഡോദര എന്നിവ രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങള്‍ക്കിടയിലുള്ള യാത്രാപാതകളില്‍ രണ്ടാമത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതും ബെംഗളൂരു-മൈസൂരു പാതയാണ്. അഹമ്മദാബാദ്-വഡോദര പാതയാണ് വളര്‍ച്ചയില്‍ മുന്നിലുള്ളത്.
അതേസമയം, ഡല്‍ഹി-ഡെറാഡൂണ്‍, ഡല്‍ഹി-ചണ്ഡീഗഡ്, ചെന്നൈ-പുതുച്ചേരി പാതകളെക്കാള്‍ മുന്നിലാണ് ബെംഗളൂരു-മൈസൂരു പാതയുടെ സ്ഥാനം. ഉബര്‍ യാത്രക്കാര്‍ക്കിടയിലെ പൈതൃക-തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ രണ്ടാമത്തെ ജനപ്രിയ കേന്ദ്രമായി മൈസൂരു ഇടംപിടിച്ചു. ആഗ്രയാണ് പട്ടികയില്‍ ഒന്നാമത്. പ്രയാഗ്രാജ്, അജ്മീര്‍, ഉദയ്പൂര്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍.ഉബറിന്റെ കണക്കുകള്‍ പ്രകാരം, ബെംഗളൂരുവില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത റൗണ്ട്-ട്രിപ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ നന്ദി ഹില്‍സ്, മഗാഡി, ധര്‍മ്മപുരി, മാണ്ഡ്യ എന്നിവ ഉള്‍പ്പെടുന്നു. ബെംഗളൂരു-മംഗളൂരു സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പാതയാണ് ബെംഗളൂരു-മൈസൂരു ആക്സസ്-കണ്‍ട്രോള്‍ഡ് എക്സ്പ്രസ് വേ. ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ച് മൈസൂരുവിലെ ബന്ത്വാള്‍ വരെ 119 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം.തീരദേശ നഗരമായ മംഗളൂരുവിനെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഈ പാത, ദേശീയപാത 275 എന്നും അറിയപ്പെടുന്നു.
ഈ റോഡ് വന്നതോടെ ബെംഗളൂരുവും മൈസൂരുവും തമ്മിലുള്ള യാത്രാസമയം 3 മണിക്കൂറില്‍ നിന്ന് 75 മിനിറ്റായി കുറഞ്ഞിരുന്നു. പ്രധാന എക്‌സ്പ്രസ് വേ 6 വരി പാതയാണ്. ഇരുവശങ്ങളിലുമുള്ള രണ്ട് വരി സര്‍വീസ് റോഡുകള്‍ കൂടി കണക്കാക്കുമ്പോള്‍ മൊത്തം 10 വരിപ്പാതയാണിത്.ഒരു എലിവേറ്റഡ് എക്‌സ്പ്രസ്വേയായ ഇത് 8,000 കോടി രൂപ ചെലവില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മിച്ചത്. ബെംഗളൂരുവിനെയും നിഡഘട്ടയെയും ബന്ധിപ്പിക്കുന്ന 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഘട്ടവും, നിഡഘട്ടയെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന 61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടവും ഇതില്‍ ഉള്‍പ്പെടുന്നു. 2018 മാര്‍ച്ചിലാണ് ഈ പദ്ധതിയുടെ തറക്കല്ലിടല്‍ നടന്നത്. 2023 മാര്‍ച്ച് 12 നാണ് ബെംഗളൂരു-മൈസൂരു പാത പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.