Home കർണാടക ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയില്‍ മുത്തശ്ശിയെ കൊച്ചുമകൻ ക്രൂരമായി കൊലപ്പെടുത്തി. ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കാൻ വേണ്ടിയാണ് ഇരുപതുകാരൻ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തി മൃതദേഹം ഡാമില്‍ ഉപേക്ഷിച്ചത്.സംഭവത്തില്‍ ഭീമപ്പ രാമപ്പ സനദിയെ (20) പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലുള്ള അരളികട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദി (78) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എഴുപത്തെട്ടുകാരിയുടെ മകള്‍ ഭീമവ്വ പരാസപ്പ ഇരാനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യമകണമർദി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പാച്ചാപൂർ ചന്തയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് നവംബർ 10-നാൻ ഹമ്മവ്വ വീട്ടില്‍ നിന്നിറങ്ങിയത്.

എന്നാല്‍ ഇവർ പിന്നീട് തിരിച്ചെത്തിയില്ല തുടർന്ന് നവംബർ 15-ന് ജിനരാള്‍ ഗ്രാമത്തിന് സമീപത്തെ ഡാമില്‍നിന്ന്, കല്ലുകള്‍ കെട്ടി രണ്ട് ചാക്കുകളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെയാണ് സംഭവത്തില്‍ മകള്‍ പോലെഎയ്സല്‍ പരാതി നല്‍കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ മുത്തശ്ശിക്ക് ലഭിക്കുന്ന 2000 രൂപയില്‍ വിഹിതം ആവശ്യപ്പെട്ട് ഭീമപ്പ കഴിഞ്ഞ കുറച്ചുകാലമായി ഇവരുമായി വഴക്കുണ്ടാക്കി വരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നവംബർ 10-ന് മുത്തശ്ശിയെ മോട്ടോർ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയ ഭീമപ്പ വഴിയില്‍ വെച്ച്‌ പണത്തെച്ചൊല്ലി തർക്കിക്കുകയും പണം നല്‍കാൻ വിസമ്മതിച്ചതോടെ തള്ളിയിട്ടശേഷം കൈകൊണ്ടും കയർ ഉപയോഗിച്ചും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് മൃതദേഹം ആദ്യം കുന്നിൻപ്രദേശത്ത് ഉപേക്ഷിച്ച പ്രതി പാച്ചാപൂരിലേക്ക് പോയി രണ്ട് ചാക്കുകള്‍ വാങ്ങിക്കൊണ്ടുവന്നു.

മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന 2,300 രൂപ കൈക്കലാക്കിയശേഷം മൃതദേഹം ചാക്കുകളിലാക്കി. രാത്രിയില്‍ ചാക്കുകള്‍ ബൈക്കില്‍ കെട്ടിവലിച്ച്‌ ജിനരാളിന് സമീപമുള്ള ഘടപ്രഭ നദിയിലെ ഡാമിലെത്തിച്ച്‌ തെളിവ് നശിപ്പിക്കാനായി വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.മൃതദേഹം ഡാമില്‍ പൊങ്ങിവന്നതോടെയാണ് സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും, കൊലപാതകമാണ് നടന്നതെന്നും പോലീസ് മനസിലാക്കിയത്. കേസില്‍ മകൻ രാമപ്പ സനദിയും അറസ്റ്റിലായി. ഇയാളുടെ മകനായ കേസിലെ പ്രതി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞിട്ടും സംഭവം മറച്ചുവെച്ചതിനാണ് രാമപ്പ സനദിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം മറച്ചുവെച്ചതിന് പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group