ബംഗളൂരു: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കര്‍ണാടക.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് കര്‍ണാടക ഒഴിവാക്കിയത്. കേരളത്തെ കൂടാതെ ഗോവയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും.
അതേസമയം കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നുമുള്ള യാത്രക്കാര്‍ സംസ്ഥാന അതിര്‍ത്തി കടക്കുമ്ബോള്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരുമെന്നും കേരള, ഗോവ യാത്രക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ്, ട്രെയിന്‍, വിമാന മാര്‍ഗം വരുന്ന യാത്രക്കാര്‍ക്കെല്ലാം ഈ നിര്‍ദ്ദേശം ബാധകമായിരിക്കും.