മംഗളുരു :യഡ്ഗിരിയില് ആകാശത്തേക്ക് നാലുചുറ്റ് വെടിയുതിര്‍ത്ത് കേന്ദ്ര മന്ത്രിയെ വരവേറ്റ സംഭവത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ പുകയായി.
സൂത്രധാരനെന്ന് പറയുന്നയാള്‍ ഉള്‍പെടെ ജനപ്രതിനിധികള്‍ക്ക് പിന്തുണയുമായി ബി ജെ പി നേതൃത്വം മുന്നോട്ടു വന്നതോടെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത് നടന്നത് കുറ്റകൃത്യമാണെന്ന സന്ദേശം നല്കി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. സി ബി വേദമൂര്‍ത്തി തലയൂരി.
യഡ്ഗിരി റൂറല്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ മെഹബൂബ്, സന്തോഷ്, വീരേഷ് എന്നിവര്‍ക്ക് എതിരെയാണ് എസ് പിയുടെ നടപടി.
അതേസമയം ബി ജെ പി കൊടികെട്ടിയ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ക്കുന്ന പരിപാടി ആസൂത്രണം ചെയ്ത് ആളുകളെ നിയോഗിച്ചെന്ന് പറയുന്ന മുന്‍ മന്ത്രിയും പാര്‍ടി നേതാവുമായ ചിഞ്ചന്‍സൂര്‍, ബിജെപി എം എല്‍ എമാരായ രാജു ഗൗഢ, വെങ്കട റെഡ്ഢി മുഡ്നല് എന്നിവര്‍ക്കെതിരെ നടപടിയില്ല. തോക്കുകള്‍ കൈയിലേന്തിയിരുന്ന ശരണപ്പ, ലിങ്കപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ചയാണ് കേന്ദ്ര രാസ-വളം മന്ത്രി ഭഗവത് ഖുബയുടെ ജന്‍ ആശീര്‍വാദ് യാത്രക്ക് നല്കിയ വരവേല്പ് അതിരുവിട്ടത്. വാദ്യമേളങ്ങളോടെ പാര്‍ടി പതാകയേന്തി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി നാലുചുറ്റ് വെടി.
നാടന്‍ തോക്കുകളാണ് വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. സി ബി വേദമൂര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. അതില്‍ രണ്ടെണ്ണത്തിന് ലൈസന്‍സ് ഇല്ലെന്ന് വ്യാഴാഴ്ച കണ്ടെത്തി. മുന്‍മന്ത്രിയും ബിജെപി നേതാവുമായ ബാബുറാവു ചിഞ്ചന്‍സുറാണ്(71) നിയമവിരുദ്ധ ആചാര വെടി ആസൂത്രണം ചെയ്തതെന്നാണ് റിപോര്‍ട്. ഇദ്ദേഹത്തെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് എസ് പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കടീല്‍ എം പി ന്യായീകരിച്ചു. നേരത്തെ കുടകില്‍ ഈ രിതിയില്‍ വരവേല്പ് നല്‍കിയിട്ടുണ്ട്. തോക്കുകളില്‍ ഉണ്ടയല്ല, പടക്കമാണ് ഉപയോഗിച്ചതെന്ന് കട്ടീല്‍ അവകാശപ്പെട്ടു.