തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘ സിഗ്മ’ എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്.ബാലതാരമായി വിജയ്ക്കൊപ്പം ‘ വേട്ടൈക്കാരന്‍’ സിനിമയില്‍ ‘ നാന് അടിച്ചാ താങ്കമാട്ടെ’ എന്ന പാട്ട് സീനില്‍ ജേസണ്‍ സഞ്ജയ് അഭിനയിച്ചിട്ടുണ്ട്.’വേട്ടൈക്കാര’നില് അഭിനയിക്കുമ്പോള്‍ തനിക്ക് ഒന്‍പത് വയസ്സായിരുന്നെന്നും അന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല എന്നും പറയുകയാണ് ജേസണ്‍. അന്നില്ലാത്ത പേടി തനിക്ക് ഇന്നുണ്ടെന്നും ജേസണ്‍ പറഞ്ഞു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.’വേട്ടൈക്കാരന്‍’ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു. അന്ന് ചെറുതായതു കൊണ്ട് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല.
ഇന്നാണെങ്കില്‍ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു.അന്ന് സിനിമ ഇറങ്ങിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം ക്ലാസില്‍ പോയില്ല. സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതു കൊണ്ടാണ് പോകാതിരുന്നത്. ഇപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ചിരിക്കുമ്പോള്‍ ആ പാട്ട് വച്ച് എന്നെ കളിയാക്കാറുണ്ട്’.- ജേസണ്‍ പറഞ്ഞു.സന്ദീപ് കിഷനാണ് സിഗ്മയിലെ നായകന്. ഫറ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ പണ്ഡിറ്റ് എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്കരന്‍ ആണ് സിഗ്മയുടെ നിര്‍മ്മാണം. സിനിമയുടെ കഥ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കവര്‍ച്ചയും നിധിവേട്ടയും സാഹസികതയും നിറഞ്ഞ ആക്ഷന്‍ ത്രില്ലറായിരിക്കും സിനിമയെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വിജയ് യുടെ മകന്റെ ആദ്യ സംവിധാന സംരംഭം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.