ബെംഗളൂരു : നഗരത്തിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ മഹേശ്വർ റാവുവിനും നഗരവികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥിനും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഗാന്ധിനഗർ നിയോജകമണ്ഡലത്തിലെ വിവിധ വികസനപ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഴ പെയ്യുന്നതാണ് പ്രവൃത്തികൾ വൈകാൻ കാരണമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നഗരത്തിലെ വിവിധ റോഡുകൾ കോൺക്രീറ്റ്ചെയ്യുന്ന പദ്ധതികൾ നടന്നുവരുന്നുണ്ട്. കൂടുതൽറോഡുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പുകൂട്ടുന്നതോടെ തകർച്ചയും കുഴികൾ രൂപപ്പെടുന്നതും കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺക്രീറ്റ് ചെയ്യുന്ന റോഡുകൾ 25-30 വർഷത്തോളം തകരാതെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലെയും കുഴികൾ അടയ്ക്കുമെന്നും റോഡുകൾ കോൺക്രീറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നവി മുംബൈ തീപിടുത്തം: മലയാളികള്‍ക്ക് കണ്ണീരോടെ വിട
മുംബൈയില്‍ പാർപ്പിട കെട്ടിടത്തിന് തീപിടിച്ച് മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേര് ഉള്‍പ്പെടെയുള്ളവർക്ക് കണ്ണീരോടെ വിട.സംസ്കാര ചടങ്ങുകള്‍ നവി മുംബൈയില്‍ നടന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.തിരുവനന്തപുരം സ്വദേശി സുന്ദര്‍ ബാലകൃഷ്ണന് (44), പൂജ രാജന് (39) മകള്‍ വേദിക (ആറ്) എന്നിവരാണ് മരിച്ച മലയാളികള്‍.
ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗമായ രാജന്റെ മകളാണ് പൂജ. വേദിക ഗോള്‍ഡ് ക്രെസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിനിയും. തലേ ദിവസം രാത്രി 11 മണി വരെ മകളും കുടുംബവും തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് രാജന് പറയുന്നു. മുംബൈയിലെ നോര്‍ക്ക ഡെവലപ്പ്മെന്റ്റ് ഓഫിസര്‍ റഫീഖ് അടക്കം പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേര് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നു.
വാശി സെക്ടര്‍ 14-ലെ മഹാത്മാ കോംപ്ലക്സിലുള്ള രഹേജ ഹൗസിങ് സൊസൈറ്റി കെട്ടിടത്തിലെ 10, 11, 12 നിലകളിലാണ് തീപിടിത്തമുണ്ടായത്. ദീപാവലി അലങ്കാരത്തില്‍ നിന്നും തീ, എ സി യിലേക്കും തുടര്‍ന്ന് കംപ്രസര്‍, പൈപ്പ്ലൈന് ഗ്യാസ് എന്നിവയിലേക്കും പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. താമസ സമുച്ചയത്തിന്റെ 10ാം നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 12-ാം നിലയിലാണ് മലയാളി കുടുംബം താമസിച്ചിരുന്നത്.പത്താം നിലയില്‍ എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടാകാനുണ്ട്. അന്വേഷണം നടക്കുകയാണെന്നും ഇപ്പോഴൊരു നിഗമനത്തില്‍ എത്താനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.