ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടപടിയിലാണ് രാഹുല്‍ കടുത്തവിമർശനം ഉന്നയിച്ചത്.ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ മറ്റു വഴികളില്ലെന്നും തെളിവുകള്‍ പുറത്തുവരുന്നതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.എക്കാലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവില്‍ കഴിയാമെന്ന് കരുതേണ്ട. ഇന്നല്ലെങ്കില്‍ നാളെ ജനങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മറ്റ് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ ഒന്നടങ്കം പ്രതിപക്ഷം ഒന്നിച്ചെത്തിയത്.
മോദിയെയും അമിത് ഷായെയും രാഷ്ട്രീയമായി നേരിടാൻ പ്രതിപക്ഷത്തിന് അറിയാം. എന്നാല്‍ അവരുടെ ആയുധമായി തെരഞ്ഞെടുപ്പ് കമ്മീഷന് എക്കാലവും തുടരാനാവില്ലെന്നും രാഹുല്‍ തുറന്നടിച്ചു.ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടിവരും. ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിക്കുന്നതെന്നും അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനായാണ് ഈ രാഷ്ട്രീയ കൂട്ടായ്മയെന്നും അദ്ദേഹം ആരോപിച്ചു.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ 250 എംപിമാരാണ് ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തില്‍ പങ്കുചേർന്നത്. ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി.