ഷാരൂഖ് ഖാന് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘പഠാന്’ റിലീസിന് മുന്‍പെ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.റിലീസിന്റെ തലേദിവസമായ ജനുവരി 24-നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, വ്യാജ പതിപ്പിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്.
റിലീസ് ദിനത്തില്‍ പഠാനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍; പോസ്റ്റര്‍ കീറി, കരി ഓയില്‍ ഒഴിച്ചു
ബെംഗലൂരു: ഷാരൂഖ് ഖാന് നായകനായ പഠാന് ഇന്നാണ് റിലീസ് ആയത്. രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം.
ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു.
കർണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികൾ ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയില്‍ അണിയറക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇതെന്നാണ് മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം പറയുന്നത്.