പറവൂർ ബസ് സ്റ്റാൻഡില്‍ നീല സാരിയും കൂളിംഗ് ഗ്ലാസും ഷൂസും ധരിച്ച് അപ്രതീക്ഷിതമായി എത്തിയ യുവാവിന്റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.യെദുകൃഷ്ണ, ജിസ്മോൻ സജി, ജിത്തു സജി എന്നിവരുടെ ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ വളരെ പെട്ടെന്നാണ് ആളുകള്‍ ഏറ്റെടുത്തത്.’ചിത്തിരം പേസുതടി’ എന്ന തമിഴ് സിനിമയിലെ പ്രശസ്തമായ ‘വാലമീനുക്കും’ എന്ന ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ഗായകന്റെ ലുക്കിലെത്തിയ മറ്റൊരു യുവാവ് കൂടി ഒപ്പം ചേർന്നതോടെ യാത്രക്കാരും സ്കൂള്‍ കുട്ടികളും നിറഞ്ഞ സ്റ്റാൻഡ് നിമിഷനേരം കൊണ്ട് ഒരു സിനിമാ സെറ്റിന് സമാനമായി മാറി.ആളുകള്‍ക്കിടയില്‍ യാതൊരു മടിയുമില്ലാതെ ഇവർ നടത്തിയ പ്രകടനം കണ്ടുനിന്നവരില്‍ കൗതുകവും ചിരിയും ഉണർത്തി.
“ഹേയ് പറവൂർ, നിങ്ങളിതെവിടാ? കമന്റ് ബോക്സില്‍ വരൂ” എന്ന തലക്കെട്ടോടെ എത്തിയ വീഡിയോക്ക് താഴെ അനുഭാവം പ്രകടിപ്പിച്ചും കളിയാക്കിയും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്.ഇത്രയും പേർക്ക് മുന്നില്‍ പ്രകടനം നടത്താൻ കാണിച്ച ആത്മവിശ്വാസത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നവർ ഏറെയാണ്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കും മാനസിക സമ്മർദ്ദങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവർക്ക് ഒരു നിമിഷത്തെ സന്തോഷവും ചിരിയും സമ്മാനിക്കാൻ ഇവർക്ക് കഴിഞ്ഞുവെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.അതേസമയം, പരസ്യമായി നടത്തുന്ന ഇത്തരം പ്രകടനങ്ങളെ പ്രഹസനമെന്നും കോമാളിത്തരമെന്നും വിളിച്ച് തള്ളിക്കളയുന്നവരും കുറവല്ല. മുൻപും സമാനമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ റീല്‍സുകള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഈ സുഹൃത്തുക്കളുടെ പുതിയ പരീക്ഷണം എന്തായാലും ഇന്റർനെറ്റില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.