കൊല്ലം: വിവിവാഹ ആലോചനയുടെ പേരില്‍ വയോധികനെ ക്ഷണിച്ചുവരുത്തി രണ്ട് പേരുടെ സഹായത്തോടെ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് സ്വർണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.ചന്ദനത്തോപ്പ് അഞ്ചിതം വീട്ടില്‍ ഹസീന (33) ആണ് അറസ്റ്റിലായത്. ആയിരംതെങ്ങ് സ്വദേശി കെ ബാബു (68) ആണ് പരാതിക്കാരൻ.കഴിഞ്ഞ ജൂണ്‍ പതിനാറിനാറിനായിരുന്നു സംഭവം. ബന്ധുവിന്റെ മകന് വധുവിനെ അന്വേഷിച്ചാണ് വിവാഹ ദല്ലാള്‍പണി നടത്തുന്ന ഹസീനയുമായി ബാബു പരിചയപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുന്നതിനായി ഹസീന വിളിച്ചതനുസരിച്ച് ജൂണ്‍ പതിനാറിന് പകല്‍ പത്ത് മണിയോടെ ബാബു കേരളപുരത്ത് എത്തുകയായിരുന്നു.
ഹസീന ഇയാളെ സ്‌കൂട്ടറില്‍ കയറ്റി നെടിവിള ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചാണ് അതിക്രമം കാട്ടിയത്. ഇവർ വിളിച്ചുവരുത്തിയ രണ്ട് പേർ ബാബുവിനെ മുറിയില്‍ പൂട്ടിയിട്ട് മർദ്ധിക്കുകയും മോതിരവും മാലയും പേഴ്‌സിലുണ്ടായിരുന്ന അയ്യായിരം രൂപയും മൊബൈല്‍ ഫോണും അപഹരിക്കുകയുമായിരുന്നു.പിന്നീട് ഇവർ ബാബുവിന്റെ ഷർട്ട് അഴിച്ചുമാറ്റി ഹസീനയോടൊപ്പം ഇരുത്തി ഫോട്ടോയെടുത്തശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ഫോട്ടോ മക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തിനുശേഷം രണ്ട് കൂട്ടുപ്രതികളും ബാബുവിനെ ബൈക്കില്‍ നടുക്കിരുത്തി കടവൂർ പാലത്തിനുസമീപം ഇറക്കിവിടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളില്‍ ഹസീനയെ പോലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു. ഹസീനയെ റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.