ബെംഗളൂരു: രാജ്യത്തെ ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിനെ ശ്വാസം മുട്ടിച്ച് വാഹനപ്പെരുപ്പം. നഗരത്തിലെ വാഹനങ്ങളുടെ എണ്ണം വൈകാതെ തന്നെ ജനസംഖ്യയെ മറികടക്കുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ജനസംഖ്യാ വർധനവിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് നഗരത്തില്‍ വാഹനങ്ങള്‍ പെരുകുന്നത്. നിലവില്‍ 1.25 കോടിയിലധികം വാഹനങ്ങളാണ് ബെംഗളൂരുവിലെ നിരത്തുകളിലുള്ളത്.നഗരത്തിലെ വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് നാല് ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്. വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് പ്രതിവർഷം 10 ശതമാനത്തോളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിന് ഈ വാഹനപ്പെരുപ്പം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.സ്ഥലപരിമിതിയും റോഡുകളുടെ അവസ്ഥയുംവാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും അതിനനുസരിച്ച് റോഡ് സൗകര്യങ്ങള്‍ വർധിപ്പിക്കാൻ സാധിക്കാത്തതാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളി.
പുതിയ റോഡുകള്‍ നിർമിക്കുന്നതിനാവശ്യമായ സ്ഥലം നഗരത്തിലില്ല. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടുന്നതിന് ഇത് കടുത്ത പ്രതിസന്ധിയാണ് ഉയർത്തുന്നത്. 2011-ലെ സെൻസസ് പ്രകാരം 85.2 ലക്ഷമായിരുന്ന ബെംഗളൂരുവിലെ ജനസംഖ്യ നിലവില്‍ ഒന്നരക്കോടി കടന്നതായാണ് കണക്കാക്കുന്നത്. ജനസംഖ്യ ഇരട്ടിയായപ്പോള്‍ വാഹനങ്ങളുടെ എണ്ണം അതിലും വേഗത്തിലാണ് വർധിച്ചത്.നിലവില്‍ ബെംഗളൂരുവില്‍ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണമാണ് 1.25 കോടി. എന്നാല്‍ ഇതുകൂടാതെ കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കും പഠനത്തിനുമായി നഗരത്തിലെത്തി സർവീസ് നടത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ വേറെയുമുണ്ട്. ഇവ കൂടി ചേരുമ്പോള്‍ നഗരത്തിലെ യഥാർത്ഥ വാഹനങ്ങളുടെ എണ്ണം ഇതിലും എത്രയോ മുകളിലാകും. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാതെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.