Home കർണാടക ബെംഗളൂരു നിവാസികളേ സന്തോഷ വാര്‍ത്ത; ഇനി ഓട്ടോക്കൂലി തോന്നിയത് പോലെ ഇല്ല, മീറ്റര്‍ നിരക്ക് മാത്രം

ബെംഗളൂരു നിവാസികളേ സന്തോഷ വാര്‍ത്ത; ഇനി ഓട്ടോക്കൂലി തോന്നിയത് പോലെ ഇല്ല, മീറ്റര്‍ നിരക്ക് മാത്രം

ബെംഗളൂരു: നഗരത്തില്‍ എത്തുന്ന യാത്രക്കാർ, അതിപ്പോള്‍ ആദ്യമായി ആണെങ്കിലും സ്ഥിരം യാത്രക്കാർ ആണെങ്കിലും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഓട്ടോക്കാരുടെ അമിത ചാർജും മറ്റ് വിഷയങ്ങളും.ഇപ്പോഴിതാ ഓട്ടോ-കാബ് യാത്രക്കാരുടെ പ്രധാന പരാതികളായ യാത്ര നിഷേധിക്കല്‍, അമിത നിരക്ക് ഈടാക്കല്‍, വിലപേശല്‍ എന്നിവയ്ക്ക് പരിഹാരമെന്ന ലക്ഷ്യത്തോടെ ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രൈവർ കൂട്ടായ്‌മയായ നഗര മീറ്റർ ഓട്ടോ പുതിയ ഡിജിറ്റല്‍ മീറ്റർ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.പരമ്പരാഗതമായി റോഡില്‍ നിന്ന് നേരിട്ട് ഓട്ടോ വിളിക്കുന്ന സൗകര്യവും ആപ്പ് അധിഷ്‌ഠിത മീറ്റർ നിരക്കിന്റെ സുതാര്യതയും ഒരുമിപ്പിക്കുന്നതാണ് പുതിയ സംവിധാനം. നഗരയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നിരഞ്ജനാരാധ്യയുടെ വാക്കുകള്‍ പ്രകാരം, ഏകദേശം 90 ശതമാനം യാത്രക്കാരും ഡ്രൈവർമാർ യാത്ര നിരസിക്കുകയോ സർക്കാർ നിരക്കിന്റെ ഒന്നര മുതല്‍ ഇരട്ടി വരെ തുക ആവശ്യപ്പെടുകയോ ചെയ്യുന്നതായി പരാതി പറയുന്നുണ്ട്.

ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച്‌ സർക്കാർ അംഗീകരിച്ച മീറ്റർ നിരക്കില്‍ തന്നെ യാത്ര ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണ റൈഡ്-ഹെയിലിംഗ് ആപ്പുകളെ പോലെ യാത്രക്കാർ മുൻകൂട്ടി വാഹനം ബുക്ക് ചെയ്യേണ്ടതില്ല. പകരം, റോഡില്‍ നിന്ന് നഗര പ്ലാറ്റ്ഫോമില്‍ രജിസ്‌റ്റർ ചെയ്‌ത ഓട്ടോയോ ടാക്‌സിയോ കൈകാണിച്ച്‌ നിർത്തിയാല്‍ മതി. യാത്ര ആരംഭിച്ച ശേഷം ഡ്രൈവർ നഗരമീറ്റർ ആപ്പിലെ ഡിജിറ്റല്‍ മീറ്റർ പ്രവർത്തനസജ്ജമാക്കും.തുടർന്ന് വാഹനത്തിനുള്ളില്‍ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്തോ എസ്‌എം‌എസ് അല്ലെങ്കില്‍ വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചോ യാത്രക്കാർക്ക് തത്സമയം മീറ്റർ തുകയും യാത്രാ വിവരങ്ങളും പരിശോധിക്കാം. സർക്കാർ അംഗീകരിച്ച ഔദ്യോഗിക മീറ്റർ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് യാത്രാ നിരക്ക് കണക്കാക്കുന്നത്.

പ്ലാറ്റ്ഫോമില്‍ രജിസ്‌റ്റർ ചെയ്‌ത ഡ്രൈവർമാർക്ക് ആപ്പ് വഴി ലഭിക്കുന്ന ബുക്കിംഗുകള്‍ സ്വീകരിക്കാനും അതേസമയം റോഡില്‍ നിന്ന് നേരിട്ട് യാത്രക്കാരെ കയറ്റാനും കഴിയും. ഇതിലൂടെ മെട്രോ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാൻഡുകള്‍, ഐടി പാർക്കുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ ഡ്രൈവർമാർക്ക് യാത്രക്കാരെ നേരിട്ട് കണ്ടെത്താനും ഓണ്‍ലൈൻ ബുക്കിംഗിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാകും.ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നഗര അധികൃതർ പറയുന്നു. തുടക്കത്തില്‍ പ്രതിദിനം 10 മുതല്‍ 20 വരെ യാത്രകള്‍ മാത്രമായിരുന്നപ്പോള്‍ ഇപ്പോള്‍ അത് ഏകദേശം 400 ആയി ഉയർന്നു. അതേസമയം പ്ലാറ്റ്‌ഫോമില്‍ സജീവമായ ഡ്രൈവർമാരുടെ എണ്ണം 150ല്‍ നിന്ന് ഏകദേശം 500 ആയി വർധിച്ചതായും കമ്പനി അറിയിച്ചു. ഇതോടെ ബെംഗളൂരുവില്‍ ഏറെക്കാലമായി നിലനിന്നിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് ആശ്വാസം വന്നിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group