ബംഗളൂരു: ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. റിയാലിറ്റി ഷോയുടെ പത്താം സീസണ്‍ ആരംഭിച്ച് അടുത്ത ദിവസമാണ് എംഎല്‍എ മത്സരാര്‍ത്ഥിയായി ബിഗ് ബോസ് ഹൗസില്‍ എത്തിയത്.
എംഎല്‍എ പ്രദീപ് ഈശ്വര്‍ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. ഈ എൻട്രിക്കൊപ്പം വിവാദങ്ങളും കൊഴുക്കുകയായിരുന്നു.
ബിഗ് ബോസില്‍ എംഎല്‍എ സന്ദര്‍ശനത്തിന് എത്തിയതായിരിക്കാം എന്നും അനുമാനമുണ്ട്. ഇതിനിടെയാണ് പ്രദീപ് ഈശ്വറിന്റെ പങ്കാളിത്തത്തെ കുറിച്ച് സംപ്രേഷകരായ കളേഴ്‌സ് ടി.വി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെക്കുന്നത്. പിന്നാലെ വിഷയം ചര്‍ച്ചയാകുകയും എംഎല്‍എക്ക് നേരെ കനത്ത വിമര്‍ശനങ്ങള്‍ ഉയരുകയുമാണ്.
അതേസമയം പ്രദീപ് ഷോയില്‍ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രദീപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും അദ്ദേഹത്തിന് മാറി നില്‍ക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് തങ്ങള്‍ അദ്ദേഹത്തെ എംഎല്‍എയാക്കിയതെന്നും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാനല്ലെന്നും വിമര്‍ശനമുണ്ട്. ചിക്കബെല്ലാപൂരിലെ ബിജെപി നേതാവ് സുധാകറിനോട് മത്സരിച്ചായിരുന്നു പ്രദീപ് വിജയിച്ചത്.