ബെംഗളുരു : കോവിഡിനെ തുടർന്ന് നഷ്ടമായ അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കുന്നതിനായി 2021 -ലെ വേനലവധി വെട്ടികുറക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഏപ്രിൽ, മെയ് ഭാഗങ്ങളിലെ വേനലവധി വെട്ടികുറച്ച് പാഠഭാഗങ്ങൾ പൂർത്തീകരിച്ച് പരീക്ഷകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുമായുളള യോഗത്തിൽ എടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
വേനലവധി വെട്ടിക്കുറക്കുന്നതിന് അധ്യാപക സംഘടനകളും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാന കോവിഡ് സാങ്കേതിക സമിതി. വിദ്യാഭ്യാസ വകുപ്പിനോട് ഇതേ അഭിപ്രായം നിർദ്ദേശിച്ചിരുന്നു. അതേസമയം തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പായി അധ്യാപകർക്ക് അവധി നൽകണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ മാസത്തിൽ നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപന സാധ്യത ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.