ഈ മാസം 11ന് ഉദ്ഘാടനം ചെയ്യുന്ന ആഗോള നിക്ഷേപക സംഗമം ‘ഇൻവെസ്റ്റ് കർണാടക 2025’ല്‍ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. സംഗമത്തിന്റെ തയാറെടുപ്പുകളും വകുപ്പുതല ഏകോപനവും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.’വളർച്ചയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ സംഗമത്തില്‍ 18 രാജ്യങ്ങള്‍ പങ്കെടുക്കും. 2000ത്തിലധികം നിക്ഷേപകർ ഇതിനകം രജിസ്റ്റർ ചെയ്തു.
ഒമ്ബത് രാജ്യങ്ങള്‍ അവരുടെ വ്യവസായങ്ങളും നിക്ഷേപ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനായി പവലിയനുകള്‍ സ്ഥാപിക്കും. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രതിനിധിസംഘങ്ങളെ നയിച്ച വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധയിടങ്ങളില്‍ റോഡ്‌ഷോകളും അരങ്ങേറി. കർണാടക നിക്ഷേപക സംഗമം എല്ലാ വർഷവും നടക്കാറുണ്ടെങ്കിലും ഇത്തവണ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുമെന്ന് പാട്ടീല്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തിക ഫോറത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പുതിയ നയങ്ങളുടെയും സംരംഭങ്ങളുടെയും അനാച്ഛാദനം നടക്കും.
ബിസിനസ് സൗഹൃദ പരിഷ്കാരങ്ങള്‍ ഏർപ്പെടുത്തുമെന്നും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പ നടപടികള്‍, നവീകരിച്ച ഏകജാലക സംവിധാനം എന്നിവ ഉള്‍പ്പെടുത്തുമെന്നും പാട്ടീല്‍ പ്രഖ്യാപിച്ചു. ബംഗളൂരുവിലെ ഗവേഷണ വികസന കേന്ദ്രങ്ങളും ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളും പ്രാദേശിക ഉല്‍പാദനത്തില്‍ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. ഹരിത ഊർജത്തിനും ഇലക്‌ട്രിക് വാഹന (ഇ.വി) ആവാസവ്യവസ്ഥയുടെ വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. നിരവധി കമ്ബനികള്‍ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കുമാർ മംഗലം ബിർള, ആനന്ദ് മഹീന്ദ്ര, കിരണ്‍ മജുംദാർ ഷാ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും. 60ലധികം പ്രഭാഷകർ പങ്കെടുക്കുന്ന 25ലധികം സെഷനുകള്‍ പരിപാടിയിലുണ്ടാവും.