ബെംഗളൂരു • ആസാദി കാ അമൃത് മഹോത്സവ് വിനോദയാത്രയ്ക്ക്ഹിന്ദി സംസാരിക്കുന്ന വിദ്യാർഥികളെ മാത്രം തിരഞ്ഞെടുത്താൽ മതിയെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശം നൽകിയിട്ടില്ലെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് വ്യക്തമാക്കി.ഹിന്ദി സംസാരിക്കുന്ന വിദ്യാർഥികളെ തിരഞ്ഞെടുത്താൽ മതിയെന്ന് കോളജുകൾക്ക് നിർദേശം നൽകി പിയു ഡപ്യൂട്ടി ഡയറക്ടർ സർക്കുലർ ഇറക്കിയതു വിവാദമായിരുന്നു.
ഹിന്ദി അടിച്ചേല്പിക്കുന്ന ഇത്തരം നടപടി അപലപനീയമാണെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി ട്വീറ്റ് ചെയ്തു. വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ ഹിന്ദി മാനദണ്ഡമാക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി അധ്യക്ഷൻ ടി.എസ് നാഗാഭരണ പിയു ബോർഡിന് കത്തെഴുതി. തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തു വന്നത്.
സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തി ന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തു നിന്നുള്ള 50 വിദ്യാർഥികളെയാണ് ഉത്തരാഖണ്ഡിലേക്ക് വിനോദ യാത്രയ്ക്ക് അയയ്ക്കുന്നത്. അവിടെ നിന്നുള്ള 50 വിദ്യാർഥികൾ കർണാടകയും സന്ദർശിക്കും.