ബെംഗളൂരു സബർബൻ പാതയുടെ ഭാഗമായ ഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ജോലി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ സ്റ്റേഷനാണിത്. ബയ്യപ്പനഹള്ളി-ഹൊസൂർ പാതയിൽ കർമലാരാമിനും ഹൊസൂരിനും ഇടയിലുള്ള ഹീലലിഗെ സ്റ്റേഷൻ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്ത കാരണം വർഷങ്ങളായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. സബർബൻ പാതയുടെ നിർമാണച്ചുമതലയുള്ള കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് സ്റ്റേഷൻ നവീകരിച്ചത്. പുതിയ ടെർമിനൽ കെട്ടിടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരിപ്പിടങ്ങൾ, ശുചിമുറി സൗകര്യം, റോഡ് എന്നിവയാണ് പൂർത്തിയായത്.
നിലവിൽ പാസഞ്ചർ, മെമു, ഡെമു ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ഇലക്ട്രോണിക് സിറ്റിയിലേക്ക് 5 കിലോമീറ്റർ മാത്രം ദൂരമുള്ള ഹീലലിഗെയിലേക്ക് വാഹനസൗകര്യങ്ങൾ കൂടി വിപുലമാക്കിയാൽ കുറഞ്ഞ ചെലവിൽ നഗവാസികൾക്ക് യാത്ര ചെയ്യാനാകും. നിലവിൽ കർമലാരാം, ബാനസവാടി സ്റ്റേഷനുകളെയാണ് ഈ ഭാഗത്തു നിന്നുള്ള കൂടുതൽ പേരും ആശ്രയിക്കുന്നത്. ബൊമ്മസന്ദ, ആനേക്കൽ, ഹൊസറോഡ്, ഹുസ്കർ മേഖലകളിലേക്കുള്ളവർക്കും ഹീലലിഗെ സ്റ്റേഷൻ പ്രയോജനപ്പെടും.
രാജനകുണ്ഡെ ഹീലലിഗെ സബർബൻ പാത:
ഹീലലിഗെയിലാണ് നിർദിഷ്ട യെലഹങ്ക രാജനകുണ്ഡ-ഹീലലിഗെ പാത വന്നു ചേരുന്നത്. 46.28 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 21 സ്റ്റേഷനുകളുണ്ട്. രാജനകുണ്ഡെ, മുദ്ദനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തന്നിസന്ദ, ഹെന്നൂർ, ഹൊറമാവ്, ചന്നസന്ദ, ബെന്നിഗനഹള്ളി, കഗദാസപുര, ദൊഡ്ഡേന കുണ്ഡി, മാറത്തഹള്ളി, ബെലന്തൂർ റോഡ്, കർമലാരാം, അംബേദ്കർ നഗർ, ഹുർ, സിംഗേ അഗ്രഹാര, ബൊമ്മസന്ദ്ര സ്റ്റേഷനുകളാണ് പാതയിലുള്ളത്.
ഇരട്ടപാതയിലൂടെ ട്രെയിൻ സർവീസ്:കർമലാരാം-ഹീലലിഗെ 10.5 കിലോമീറ്റർ ഇരട്ടപ്പാതയിലൂടെ 90 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ കടത്തിവിട്ടു. റെയിൽവേ സുരക്ഷ കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് ശേഷം ബയ്യപ്പനഹള്ളി എസ്എംവിടി-നാഗർകോവിൽ എക്സ്പ്രസാണ് ആദ്യം പുതിയ പാതയിലൂടെ കടന്നുപോയത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ ട്രെയിനുകൾ ക്രോസിങ്ങിനായി കർമലാരാമിനും ഹീലലിഗെയ്ക്കും ഇടയിൽ പിടിച്ചിടുന്നത് കുറയ്ക്കാനാകും.
കേരള ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം:വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂർത്തിയായതോടെ കേരളത്തിൽ നിന്നുൾപ്പെടെയുള്ള എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കണം. ബിഎംടിസി ഫീഡർ സർവീസ് ഉൾപ്പെടെ ആരംഭിച്ചാൽ കൂടുതൽ പേർ സ്റ്റേഷനെ ആശ്രയിക്കും. കർമലാരാം, ബാനസവാടി സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിച്ചത് ഉദാഹരണം.