Home Featured ബെംഗളൂരു: കസ്റ്റഡിയിലിരുന്ന പ്രതിക്ക് ധരിക്കാൻ പോലീസ് യൂണിഫോം കൊടുത്തു ; കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കസ്റ്റഡിയിലിരുന്ന പ്രതിക്ക് ധരിക്കാൻ പോലീസ് യൂണിഫോം കൊടുത്തു ; കോൺസ്റ്റബിളിന് സസ്പെൻഷൻ

by admin

ബെംഗളൂരു: കസ്റ്റഡിയിലിരുന്ന പ്രതിക്ക് ധരിക്കാൻ യൂണിഫോം കൊടുത്ത കോൺസ്റ്റബിളിന് സസ്പെൻഷൻ. പോലീസ് യൂണിഫോമിൽ ഭാര്യയുമായി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നതോടെയാണ് നടപടി. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സോനാരെ എച്ച്.ആർ. ആണ് സസ്പെൻഷനിലായത്. നിരവധി കേസുകളിലെ പ്രതിയായ സലീം ഷെയ്ഖ് എന്ന ബോംബെ സലീമാണ് ഭാര്യയെ ‘ഞെട്ടിക്കാനായി’ പോലീസ് യൂണിഫോമിൽ ഫോൺവിളിച്ചത്.ജൂൺ 23-ന് ഇന്ദിര നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത ഒരു മോഷണക്കേസ് അന്വേഷണത്തിനിടെയാണ് പോലീസിന് ഈ ചിത്രം ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി സലീമിന്റെ ഫോൺ പരിശോധിക്കവെയാണ് യൂണിഫോമിൽ ഭാര്യയോട് സംസാരിക്കുന്ന ഇയാളുടെ ചിത്രം ലഭിച്ചത്. പിന്നാലെയാണ്, പ്രതിയെ യൂണിഫോം ധരിക്കാൻ അനുവദിച്ചതിന് സോനാരെയ്ക്കെതിരെ നടപടി എടുത്തത്. 50-ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണ് സലീം.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇന്ദിര നഗറിലെ മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സലീമും ആ സംഘത്തിലുണ്ട് എന്ന് മനസിലായി.

സ്ഥിരം കുറ്റവാളിയായതിനാൽ പോലീസിന്റെ പക്കൽ സലീമിന്റെ ഫോട്ടോയും വിരലടയാളവും മറ്റ് വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സാങ്കേതിക വിശകലനത്തിലൂടെ അയാൾ പൂനെയ്ക്ക് സമീപമുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ മഹാരാഷ്ട്ര പോലീസിന് ഇയാളെ സംബന്ധിച്ച വിവരങ്ങൾ കൈമാറി.

സലീമിനെ ഇന്ദിര നഗറിൽ എത്തിക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് ഒരു സംഘം പൂനെയിലേക്ക് തിരിച്ചു. മുൻപത്തേതിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ ആഭരണങ്ങളും സാരികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് സലീം മോഷ്ടിച്ചത്. ‘കേസ് അന്വേഷിക്കുന്നതിനിടെ ഇന്ദിര നഗർ പോലീസ് സലീമിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, യൂണിഫോം ധരിച്ച് നിൽക്കുന്ന സലീമിന്റെ ഒരു വാട്ട്സ്ആപ്പ് വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഫോട്ടോയിലുള്ള സ്ത്രീ തന്റെ ഭാര്യയാണെന്ന് അയാൾ സമ്മതിച്ചു.’ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ഡി. ദേവരാജ പറഞ്ഞു.

‘സമാനമായ ഒരു മോഷണക്കേസിൽ കഴിഞ്ഞ വർഷം ഗോവിന്ദപുര പോലീസ് സലീമിനെ അറസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനായി പോലീസ് അയാളെ ബെംഗളൂരുവിന് പുറത്തുകൊണ്ടുപോയി ഒരു ഹോട്ടലിൽ താമസിപ്പിച്ചു. അവിടെവെച്ച് സലീം സോനാരെയുടെ യൂണിഫോം ധരിച്ച് ഭാര്യയെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇത് ഗുരുതരമായ കൃത്യവിലോപമായതിനാൽ സോനാരെയെ സസ്പെൻഡ് ചെയ്തു.’ ദേവരാജ പറഞ്ഞു.

സോനാരെയും മറ്റൊരു കോൺസ്റ്റബിളും സലീമിനെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട ശേഷം ഷോപ്പിംഗിന് പോയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ”ഈ സമയത്ത്, ഭാര്യയുടെ മുന്നിൽ ആളാകാൻ വേണ്ടി മുറിയിലുണ്ടായിരുന്ന സോനാരെയുടെ യൂണിഫോം സലീം ധരിക്കുകയായിരുന്നു.’ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group