Home കർണാടക ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. 13,409.05 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 170 വസ്‌തുവകകള്‍ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്.ജെപി നഗർ നാലാം ഘട്ടത്തിനും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനും ഇടയില്‍ മെട്രോ വയഡക്‌ട്, റാമ്പുകള്‍, തൂണുകള്‍, സ്‌റ്റേഷനുകള്‍, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിർമാണത്തിനാണ് ഭൂമി ആവശ്യമായി വരുന്നത്.മൂന്നാം ഘട്ട പാതയ്ക്കായി പുറപ്പെടുവിച്ച മൂന്നാമത്തെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനമാണിത്. ഓറഞ്ച് ലൈൻ പദ്ധതിയുടെ പാക്കേജ് 1ന്റെ ഭാഗമാണ് ഏറ്റെടുക്കല്‍. ബിലേകഹള്ളി, സാരക്കി, ജരാഗനഹള്ളി, കദിരേനഹള്ളി, കത്രിഗുപ്പെ, ഇട്ടമാട്, ഹൊസകെരെഹള്ളി, പന്താരപാല്യ എന്നിവിടങ്ങളിലാണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.

പാക്കേജില്‍ ജെപി നഗർ, ദ്വാരകാനഗർ, ഹൊസകെരെഹള്ളി, കദിരേനഹള്ളി, കാമാക്യ എന്നിവിടങ്ങളില്‍ സ്‌റ്റേഷനുകളുടെ നിർമ്മാണം ഉള്‍പ്പെടുന്നു. കർണാടക ഇൻഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡ് മുഖേനയാണ് ഏറ്റെടുക്കല്‍. സ്പെഷ്യല്‍ ലാൻഡ് അക്വിസിഷൻ ഓഫീസറുടെ അനുമതിയില്ലാതെ വിജ്ഞാപനം ചെയ്‌ത വസ്‌തുവകകള്‍ വില്‍ക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ എതിരെ വസ്‌തു ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.നഷ്‌ടപരിഹാരം നിശ്ചയിക്കുമ്പോള്‍ ഇത്തരം അനധികൃത ഇടപാടുകള്‍ പരിഗണിക്കില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഫേസ് 3 അലൈൻമെന്റിനൊപ്പം പൂർണമായോ ഭാഗികമായോ പൊളിക്കുന്നതിന് ഏകദേശം 1.33 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടങ്ങളും വസ്‌തുവകകളും ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ഇതിനകം കണ്ടെത്തിയതിന് പിന്നാലെയാണ് ഏറ്റവും പുതിയ അറിയിപ്പ്.

പദ്ധതിക്കാവശ്യമായ ഭൂമി പഠിക്കുന്നതിനും മൂന്ന് പ്രോജക്റ്റ് പാക്കേജുകളിലായി നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തടസമാകുന്ന ഘടനകള്‍ കണ്ടെത്തുന്നതിനുമായി 5.4 കോടി രൂപ ചെലവില്‍ ബിഎംആർസിഎല്‍ കണ്‍സള്‍ട്ടൻസി സേവനങ്ങളും വാടകയ്‌ക്കെടുത്തിരുന്നു.ഹൊസഹള്ളിക്കും കടബഗെരെയ്ക്കും ഇടയില്‍ 342 കെട്ടിടങ്ങളും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനും കൊട്ടിഗേപാല്യയ്‌ക്കുമിടയില്‍ 339 കെട്ടിടങ്ങളും സുമനഹള്ളിക്കും കെമ്പപുരയ്‌ക്കുമിടയ്‌ക്ക് 406 കെട്ടിടങ്ങളും നേരത്തേ സർവേയില്‍ കണ്ടെത്തിയിരുന്നു. ഈ ഘടനകളെ മെട്രോ നിർമ്മാണം പൂർണമായോ ഭാഗികമായോ ബാധിച്ചേക്കാം.മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ രണ്ട് ഇടനാഴികള്‍ ഉണ്ടാകും: ജെപി നഗർ മുതല്‍ കെംപാപുര, കടബാഗെരെ മുതല്‍ ഹൊസഹള്ളി വരെ. രണ്ട് വർഷം മുമ്പ് കേന്ദ്രസർക്കാർ പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഡബിള്‍ ഡെക്കർ മെട്രോ ഇടനാഴി നിർമ്മിക്കാനുള്ള നിർദേശം കാരണം പ്രവൃത്തി വൈകുകയായിരുന്നു.

37 കിലോമീറ്റർ പാതയില്‍ ഡബിള്‍ ഡെക്കർ നിർമാണത്തിനുള്ള പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.പകരം, ഏകദേശം 11 കിലോമീറ്റർ വരുന്ന, ആവശ്യമെന്ന് കരുതുന്ന സ്‌ട്രെച്ചുകളില്‍ മാത്രമേ ഇത്തരം ഘടന നിർമ്മിക്കൂ. കാലതാമസം പദ്ധതിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. 15,611 കോടി രൂപയുടെ യഥാർത്ഥ ചെലവ് ഏകദേശം 5 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ കാലതാമസം കൂടാതെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി ടെൻഡർ ക്ഷണിച്ച്‌ നിർമാണം ആരംഭിക്കണമെന്ന് വിദഗ്‌ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതല്‍ ചെലവ് വർധിക്കുന്നത് തടയാൻ വ്യക്തമായ ഇടക്കാല സമയപരിധിയും പതിവ് നിരീക്ഷണവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘനാളായി കാത്തിരിക്കുന്ന ഓറഞ്ച് ലൈനിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുൻപ് ധാരാളം വെല്ലുവിളികളാണ് ഇതോടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച്‌ ഭൂമി ഏറ്റെടുക്കല്‍ പോലെയുള്ള കടമ്പകള്‍ കടക്കാൻ ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group