Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസം നല്‍കി കൊണ്ട് മൈസൂർ റോഡ് ജംഗ്ഷന് സമീപം പുതിയ അണ്ടർപാസ് നിർമ്മിക്കുന്ന പ്രവൃത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു.ഇതോടെ ചല്ലഘട്ട മെട്രോ ഡിപ്പോയ്ക്ക് സമീപമുള്ള ഗതാഗത കുരുക്ക് കുറച്ചുകൊണ്ട് യാത്ര മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും മൈസൂരുവിനും ബെംഗളൂരുവിനും ഇടയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് മൈസൂർ റോഡ് സിഗ്നല്‍ രഹിതമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.സിഗ്നല്‍ ജംഗ്ഷനില്‍ 50 മീറ്റർ ബോക്‌സ് ഘടനയുള്ള നിർദ്ദിഷ്‌ട അണ്ടർപാസിന് ഏകദേശം 800 മീറ്റർ നീളമുണ്ടാവും. മൈസൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്നലില്‍ നിർത്താതെ ജംഗ്ഷന് താഴേക്ക് കടന്നുപോകാൻ ഇത് അനുവദിക്കും.

പ്രാദേശിക ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അണ്ടർപാസിന് സമീപം ഒരു സർവീസ് റോഡും വികസിപ്പിക്കും.നിർദ്ദിഷ്‌ട ഗതാഗത ക്രമീകരണം പ്രകാരം, മൈസൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ അണ്ടർപാസ് ഉപയോഗിക്കും, അതേസമയം എതിർ ദിശയിലേക്ക് പോകുന്ന ഗതാഗതം അതിന് മുകളിലൂടെ തുടരും. എസ്‌എം കൃഷ്‌ണ റോഡില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് സർവീസ് റോഡ് ഉപയോഗിച്ച്‌ ഇടത്തോട്ട് തിരിയാൻ കഴിയും.രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിർവശത്തുള്ള നിലവിലുള്ള യു-ടേണ്‍ അടച്ചുപൂട്ടുകയും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഡിവൈഡറുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇത്രയൊക്കെ ആണെങ്കിലും ഈ പദ്ധതി പ്രദേശത്തെ ഗതാഗതക്കുരുക്ക് പൂർണമായും ഇല്ലാതാക്കില്ല.

അഞ്ച് പാതകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒരുമിച്ച്‌ ചേരുന്ന ചല്ലഘട്ട മെട്രോ സ്‌റ്റേഷന് സമീപമുള്ള ഇടുങ്ങിയ രണ്ട് വരി റോഡാണ് പ്രധാന വെല്ലുവിളികളിലൊന്ന്.ഇവിടെയുള്ള ബസ് സ്‌റ്റോപ്പിന്റെ സാന്നിധ്യവും എക്‌സ്പ്രസ് വേ റാമ്പ്, മെട്രോ സ്‌റ്റേഷൻ, ഡിപ്പോ, മെട്രോ തൂണുകള്‍ എന്നിവ മൂലമുണ്ടാകുന്ന നിയന്ത്രണങ്ങളും റോഡ് വീതികൂട്ടുന്നത് ബുദ്ധിമുട്ടാക്കുന്നു. എങ്കിലും മൊത്തത്തില്‍, പുതിയ അണ്ടർപാസ് മൈസൂർ റോഡിലെ പ്രധാന തടസങ്ങളിലൊന്നില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതേസമയം, ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ എല്ലാം തന്നെ അധികൃതർ കാര്യമായി നടപ്പാക്കുന്നുണ്ട്. മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളുടെ വിപുലീകരണവും എലിവേറ്റഡ് കോറിഡോറുകള്‍, പുതിയ മേല്‍പ്പാലങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. അവയെല്ലാം പൂർത്തിയാവുമ്പോള്‍ ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group