Home കർണാടക ബെംഗളൂരു നഗരത്തിന് ആശ്വസിക്കാം; ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിര്‍ണായക നീക്കം, 518 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

ബെംഗളൂരു നഗരത്തിന് ആശ്വസിക്കാം; ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിര്‍ണായക നീക്കം, 518 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ഏറ്റവും വലിയ നഗരവികസന പദ്ധതികളിലൊന്നായ ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിർണായക മുന്നേറ്റം.നഗരത്തിന്റെ അതിവേഗ വളർച്ചയും വർധിച്ചുവരുന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ബിദാദി മേഖലയെ കേന്ദ്രീകരിച്ച്‌ നടപ്പാക്കുന്ന ഈ മെഗാ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ കൂടുതല്‍ സജീവമായി.ആകെ 7481 ഏക്കർ ഭൂമി ഉള്‍പ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 518 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ബിദാദി ഹോബ്ലിയിലെ കെമ്പയ്യനപാള്യയില്‍ നിന്ന് 367 ഏക്കർ, മണ്ഡലഹള്ളിയില്‍ നിന്ന് 70 ഏക്കർ, ഹരോഹള്ളി ഹോബ്ലിയിലെ വദേരഹള്ളിയില്‍ നിന്ന് 61 ഏക്കർ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഭാവിയില്‍ കൂടുതല്‍ ഭൂമി ഘട്ടംഘട്ടമായി ഏറ്റെടുത്ത് സമ്പൂർണ ടൗണ്‍ഷിപ്പ് വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഏകദേശം 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ബെംഗളൂരുവിന്റെ പടിഞ്ഞാറൻ മേഖലയെ പുതിയ സാമ്പത്തിക-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ആധുനിക പാർപ്പിട സമുച്ചയങ്ങള്‍, ഐടി പാർക്കുകള്‍, വ്യവസായ മേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിനോദസഞ്ചാര സൗകര്യങ്ങള്‍, വിശാല റോഡ് ശൃംഖല, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര നഗരമായി ബിദദിയെ വികസിപ്പിക്കാനാണ് ലക്ഷ്യം.നഗരമധ്യത്തിലേക്കുള്ള കുടിയേറ്റ സമ്മർദം കുറയ്ക്കാനും അതിന് പുറത്തായി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രത്യേക താല്‍പര്യമുള്ള ഇത് ബെംഗളൂരുവിന്റെ ഭാവി നഗരവികസനത്തിന്റെ മാതൃകാപദ്ധതിയായി അവതരിപ്പിക്കപ്പെടുന്നു.

നഗര വികസന വകുപ്പ്, ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.അതേസമയം, ഭൂമി ഏറ്റെടുക്കലിനെതിരെ കർഷകരുടെ പ്രതിഷേധവും ശക്തമാകുകയാണ്. തങ്ങളുടെ ഉപജീവന മാർഗമായ ഭൂമി നഷ്‌ടപ്പെടുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. മുൻ ബൈരമംഗള താലൂക്ക് പഞ്ചായത്ത് അംഗം എച്ച്‌ജി പ്രകാശിന്റെ നേതൃത്വത്തില്‍ കർഷക സംഘടനകള്‍ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.കെമ്പയ്യനപാള്യയിലെ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാത്ത മേഖലയാണെന്നും, മണ്ഡലഹള്ളിയിലെ ഭൂമിയുടമകളില്‍ വലിയൊരു വിഭാഗം പുറത്തുനിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കൈമാറാൻ സമ്മതിച്ചവരില്‍ പലരും ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ജൂണ്‍ 14-ന് കർഷകർ വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നും കർഷകരുമായി വിശദമായ ചർച്ചകള്‍ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. മറുവശത്ത്, നിയമാനുസൃതമായ നഷ്‌ടപരിഹാരവും പുനരധിവാസ പാക്കേജുകളും ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ബെംഗളൂരു നഗരത്തിന്റെ ഭാവി വികസനത്തില്‍ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി, വികസനവും കർഷക താല്‍പര്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ട് പോകുന്നതിനനുസരിച്ച്‌ അതിനോടുള്ള എതിർപ്പും കൂടി വരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group