ബംഗളൂരു: ഹാസനിലെ ബേലൂരില്‍ ചായക്കടയിലേക്ക് കുതിച്ചെത്തിയ കാട്ടാന പരിഭ്രാന്തി പരത്തി. ബേലൂർ ചീരനഹള്ളിയിലാണ് സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടെ ആളുകള്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും വിഡിയോ പകർത്തുകയും ചെയ്തതോടെ പിടിയാന ആളുകളെ ഓടിക്കുകയായിരുന്നു. ആളുകള്‍ സമീപത്തെ കഫറ്റീരിയയിലേക്ക് ഓടി രക്ഷപ്പെട്ടതോടെ ആനയും പിന്നാലെ കൂടി.
അല്‍പസമയം പരിഭ്രാന്തി സൃഷ്ടിച്ചശേഷം പിടിയാന സമീപത്തെ എസ്റ്റേറ്റിലേക്ക് പിൻവാങ്ങി. ബേലൂർ, സകലേഷ്പുർ, ആലൂർ മേഖലയില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. കേരളത്തില്‍ മാനന്തവാടിയെ വിറപ്പിച്ച തണ്ണീർക്കൊമ്ബനും ബേലൂർ മഖ്നയും ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തില്‍ തുറന്നുവിട്ട ആനകളായിരുന്നു.