ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ബെള്ളാരിയില്‍നിന്ന് ബസില്‍ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയില്‍ പരിശോധന നടത്തിയത്.
ഇതിന്‍റെ ഭാഗമായി കലബുറഗി റെയില്‍വേ സ്റ്റേഷനിലെയും സെൻട്രല്‍ ബസ്‍ സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്.
പ്രതിയുടെ പുതിയ ചിത്രങ്ങള്‍കൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന ദിവസം രാത്രി ഒമ്ബതോടെ സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അടച്ചിട്ട കഫേ തുറന്നു
ബംഗളൂരു: സ്ഫോടനത്തെത്തുടർന്ന് അടച്ചിട്ട വൈറ്റ് ഫീല്‍ഡ് ബ്രൂക്ക് ഫീല്‍ഡിലെ രാമേശ്വരം കഫേ വീണ്ടും തുറന്നു. മാർച്ച് ഒന്നിന് ഉച്ചക്ക് 12.55 നായിരുന്നു കഫേയില്‍ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒമ്ബതു പേർക്ക് പരിക്കേറ്റിരുന്നു. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്ത കേസില്‍ മുഖ്യപ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല.
കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്ന് സർക്കാറും പൊലീസും നിർദേശം നല്‍കിയതായി കഫേ ഉടമ രാഘവേന്ദ്ര റാവു അറിയിച്ചു. കഫേക്കുചുറ്റും നിരീക്ഷണം നടത്താൻ ഗാർഡുകളെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട വീണ്ടും തുറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. ബി.ജെ.പി എം.എല്‍.എ മഞ്ജുള ലിംബാവലി, എം.പി പി.സി. മോഹൻ എന്നിവർ പങ്കെടുത്തു.
തീരങ്ങളില്‍ ജാഗ്രത
മംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ വാരമുണ്ടായ സ്ഫോടനം അന്വേഷിക്കുന്ന എൻ.ഐ.എ ജനങ്ങള്‍ക്കും അധികൃതർക്കും ജാഗ്രത നിർദേശം നല്‍കി. ഇതേത്തുടർന്ന് കോസ്റ്റ് ഗാർഡ് ദക്ഷിണ കന്നഡ, ഉഡുപ്പി തീരങ്ങളില്‍ മുഴുസമയ നിരീക്ഷണം ആരംഭിച്ചു.
മുംബൈ ആക്രമണം ഉള്‍പ്പെടെ പല സംഭവങ്ങളിലും ജലമാർഗമാണ് അക്രമികള്‍ എത്തിയത് എന്നതിനാല്‍ തീരങ്ങളില്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു.അപരിചിതർ, അസാധാരണ വസ്തുക്കള്‍, പതിവില്ലാത്ത ബോട്ടുകള്‍, തോണികള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതർക്ക് വിവരം നല്‍കണമെന്ന് ജനങ്ങളോട്, വിശിഷ്യാ മത്സ്യത്തൊഴിലാളികളോട് അഭ്യർഥിച്ചു.