ബെംഗളൂരു : സൺഫ്ലവർ ഓയിൽ വില കുതിച്ചുയർന്ന തോടെ ഭക്ഷണ വില ഏപ്രിൽ ഒന്നു മുതൽ ഉയർത്തുമെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മ. വില ഉയർത്താതെ പിടിച്ചുനിൽക്കാനാവില്ലെന്നു ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് പി.സി.റാവു പറഞ്ഞു. സൺഫ്ലവർ ഓയിൽ വില ലീറ്ററിന് 180 രൂപ കടന്നതോടെ പല ഹോട്ടലുകളും എണ്ണ പലഹാരങ്ങൾ ഉൾപ്പെടെ ഉണ്ടാ ക്കുന്നത് നിർത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഹോട്ടലുകളിൽ വ്യാപാരം തിരിച്ചുവരുന്ന സമയത്താണു പാചകവാതക വിലയും പിന്നാലെ സൺഫ്ലവർ, പാമോയിൽ വില കുതിച്ചുയരുന്നത്. വില നിയന്ത്രണം പിടിച്ചുനിർത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പി. സി.റാവു ആരോപിച്ചു.
യുക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സൺഫ്ലവർ ഓയിലിന്റെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലീറ്ററിന് 50 രൂപ മുതൽ 60 രൂപ വരെയാണ് വർധിച്ചത്. ചില്ലറ വിപണിയിൽ വിൽപന കൂടുതലുള്ള ബ്രാൻഡുകളുടെ വില 180 രൂപ വരെയായി ഉയർന്നു. നേരത്തേ 130 രൂപ വരെയാ യിരുന്നു വില. റിഫൈൻഡ് പാമോയിലിന്റെ വിലയും 45 രൂപ വരെ ഉയർന്നിട്ടുണ്ട്. ഒരു ലീറ്റർ പാമോയിൽ വില 165 രൂപ വരെയായി ഉയർന്നു.