Home കർണാടക മണ്‍സൂണ്‍ എന്ന് പേര് മാത്രം, 112 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈ മാസം; വെന്തുരുകി ബെംഗളൂരു നഗരം

മണ്‍സൂണ്‍ എന്ന് പേര് മാത്രം, 112 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈ മാസം; വെന്തുരുകി ബെംഗളൂരു നഗരം

by ടാർസ്യുസ്

ബംഗളൂരു: മണ്‍സൂണ്‍ കാലമായിട്ടും കടുത്ത ചൂടില്‍ വെന്തുരുകി ബെംഗളൂരു നഗരം. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ രേഖപ്പെടുത്തിയത്.സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ള ഈ സമയത്ത് 33 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 112 വർഷങ്ങള്‍ക്ക് മുൻപാണ് ജൂലൈ മാസത്തില്‍ താപനില ഇത്രയും ഉയർന്നിട്ടുള്ളത്.ബംഗളൂരു സിറ്റി സ്റ്റേഷനില്‍ 33.6 ഡിഗ്രി സെല്‍ഷ്യസ് ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് സാധാരണ ജൂലൈ മാസത്തില്‍ ലഭിക്കേണ്ട ശരാശരി താപനിലയേക്കാള്‍ 5.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. നഗരത്തിലെ മറ്റ് സ്റ്റേഷനുകളായ ബംഗളൂരു HAL എയർപോർട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസും, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 32.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. കാർവാറില്‍ 33.6 ഡിഗ്രി സെല്‍ഷ്യസും, ഹോന്നാവറില്‍ 31.8 ഡിഗ്രി സെല്‍ഷ്യസും, മംഗളൂരു സിറ്റിയില്‍ 31.7 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.

മൈസൂരുവില്‍ 34 ഡിഗ്രി സെല്‍ഷ്യസും, മാണ്ഡ്യയില്‍ 33.4 ഡിഗ്രി സെല്‍ഷ്യസും, ചിത്രാദുർഗയില്‍ 32.4 ഡിഗ്രി സെല്‍ഷ്യസുമാണ് ഉയർന്ന താപനില. അതേസമയം മലനാട് മേഖലയായ അഗുംബെയില്‍ താരതമ്യേന കുറഞ്ഞ ചൂടാണ് (27.2 ഡിഗ്രി സെല്‍ഷ്യസ്) അനുഭവപ്പെട്ടത്.ചരിത്രരേഖകള്‍ പ്രകാരം 1914-ലും പിന്നീട് 100 വർഷങ്ങള്‍ക്ക് മുൻപ് 1926-ലുമാണ് ഇതിന് മുൻപ് ജൂലൈയില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് തൊട്ടിട്ടുള്ളത്. മണ്‍സൂണ്‍ പാതിവഴി പിന്നിട്ടിട്ടും മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും നഗരവാസികളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഉയരുന്ന ചൂടിനൊപ്പം നഗരത്തില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി. കുടിവെള്ളക്ഷാമം നേരിടാൻ വാട്ടർ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കാവേരി നദിയില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. കാവേരി ജലം കുടിവെള്ള ആവശ്യങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് (വാഹനം കഴുകല്‍, നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങിയവ) ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group