ബെംഗളൂരുവില്‍ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ അനുവാദമില്ലാതെ ഫ്ലാറ്റില്‍ കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ പ്രതി അറസ്റ്റില്‍.വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് അറസ്റ്റിലായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മരത്തഹള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 75, 79, 329(2) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രസ്താവനയില്‍ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍, പാർസല്‍ കൈമാറാനെത്തിയ ഡെലിവറി ജീവനക്കാരൻ ഫ്ളാറ്റിലെ ടോയ്ലറ്റ് ഉപയോഗിക്കാൻ അനുമതി വേണമെന്ന് ആവശ്യമുന്നയിച്ചു. അപരിചിതരെ വീട്ടിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന് അറിയിച്ചുകൊണ്ട് ഇയാളുടെ ആവശ്യം പലതവണ നിരസിച്ചതായും അവർ പറയുന്നു.
അയല്‍വാസികളായ പുരുഷന്മാരോട് സഹായം തേടാൻ താൻ നിർദേശിച്ചെങ്കിലും, തന്റെ എതിർപ്പ് വകവയ്ക്കാതെ ചെരിപ്പ് ഊരിമാറ്റിയ ശേഷം അനുമതിയില്ലാതെ ഫ്ലാറ്റിനുള്ളിലേക്ക് കയറിയെന്നും തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി ആരോപിച്ചു.സംഭവം തന്നെ മാനസികമായി തകർത്തെന്നും സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലെന്ന തോന്നലുണ്ടാക്കിയെന്നും യുവതി പറഞ്ഞു. തന്റെ വിസമ്മതം മാനിക്കപ്പെടേണ്ടതായിരുന്നുവെന്നും, ഒരാളുടെ വ്യക്തിപരമായ അതിരുകള്‍ ലംഘിക്കാനോ അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടില്‍ പ്രവേശിക്കാനോ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി.സംഭവത്തിന് ശേഷമുള്ള നിമിഷങ്ങള്‍ വിവരിച്ച യുവതി, സ്വന്തം സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടായിരുന്നുവെന്ന് പറഞ്ഞു. സാഹചര്യം കൂടുതല്‍ വഷളായാല്‍ പുറത്തേക്ക് ഓടിപ്പോകേണ്ടിവരുമെന്ന ഭയത്തില്‍ ഫ്ലാറ്റിന്റെ മുൻവാതില്‍ തുറന്നിട്ടിരുന്നെന്നും വാതിലിന് സമീപം തന്നെ നിന്നിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.