Home കർണാടക ’10 മാസം പ്രായമുള്ള കുഞ്ഞ്, ഭാര്യ കൈക്കൂപ്പി പറഞ്ഞു, എന്റെ സ്വര്‍ണം മുഴുവൻ എടുത്തോളൂ, എന്നിട്ടും വിട്ടില്ല’; ബെംഗളൂരു-മൈസൂരൂ ഹൈവേയിലെ നടുക്കുന്ന സംഭവം

’10 മാസം പ്രായമുള്ള കുഞ്ഞ്, ഭാര്യ കൈക്കൂപ്പി പറഞ്ഞു, എന്റെ സ്വര്‍ണം മുഴുവൻ എടുത്തോളൂ, എന്നിട്ടും വിട്ടില്ല’; ബെംഗളൂരു-മൈസൂരൂ ഹൈവേയിലെ നടുക്കുന്ന സംഭവം

ബെംഗളൂരു: നടുറോഡില്‍ ക്രൂരമായ ആക്രമണത്തിനിരയായതിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ ബെംഗളൂരുവിലെ കുടുംബം. ബെംഗളൂരുവില്‍ താമസിക്കുന്ന സാഗർ കുമാറും കുടുംബവുമാണ് കഴിഞ്ഞദിവസം ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ആക്രമണത്തിനിരയായതിന്റെ കൂടുതല്‍ വിവരങ്ങള്‍ എൻഡിടിവിയോട് വെളിപ്പെടുത്തിയത്.ഞായറാഴ്ച രാത്രി പത്തരയോടെയാണ് സാഗർകുമാറും ഭാര്യയും പത്തുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ മദ്ദൂരിലായിരുന്നു സംഭവം. സാഗർകുമാറിനെ കാറിന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിറകില്‍ വരികയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ്ക്യാമില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ സഹിതം ദേശീയമാധ്യമങ്ങളിലടക്കം സംഭവം വാർത്തയാവുകയും ചെയ്തു.ഒൻപതംഗസംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ചികിത്സയില്‍ കഴിയുന്നതിനിടെ സാഗർകുമാർ എൻഡിടിവിയോട് പ്രതികരിച്ചത്. ‘അവർ എന്നെയും എന്റെ ഭാര്യയെയും പത്തുമാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചു. ഒന്നുംചെയ്യരുതെന്ന് എന്റെ ഭാര്യ കൈക്കൂപ്പി കരഞ്ഞുപറഞ്ഞിട്ടും അവർ കേട്ടില്ല. കുഞ്ഞുണ്ടെന്നും വെറുതെവിടണമെന്നും പറഞ്ഞിട്ടും ചെവികൊണ്ടില്ല. സ്വർണം എടുത്തോളൂ എന്നും എന്തുവേണമെങ്കിലും തരാമെന്നും ഭാര്യ കരഞ്ഞുപറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും അവർ ആക്രമണം നിർത്തിയില്ല’, സാഗർകുമാർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ മറ്റൊരു കാറിലെ ഡാഷ്ക്യാമില്‍ പതിഞ്ഞതാണ് തെളിവായത്. ഹൈവേയിലെ പലഭാഗങ്ങളിലും സിസിടിവി ക്യാമറകളില്ല. ഈ ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെട്ടേനെ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സാഗർകുമാർ ആവശ്യപ്പെട്ടു.അതേസമയം, ഹൈവേയില്‍ സാഗർകുമാറിന്റെ മറ്റൊരു കാറും തമ്മില്‍ ഉരസിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡില്‍ കാർ തടഞ്ഞുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group