ബെംഗളൂരു എല്ലാറ്റിനും പീക്കാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പതിവ് പല്ലവി. കൂടിയ വാടക, കൂടിയ സ്കൂള്‍ ഫീസ്, ട്രാഫിക്കാണെങ്കില്‍ മുടിഞ്ഞ ട്രാഫിക്, മഴയാണെങ്കില്‍ അങ്ങനെ.റോഡുകളുടെ അവസ്ഥ അതിലേറെ കഷ്ടം. എന്നാല്‍, ശമ്പള കാര്യത്തില്‍ ബെംഗളൂരു അല്പം പിന്നിലാണെന്ന് രേഖപ്പെടുത്തിയ ഒരു യുവാവിന്റെ കുറിപ്പ് വൈറല്‍. ബെംഗളൂരുവിലെ ഒരു കിന്റർഗാർട്ടനില്‍ അധ്യാപികയായ ഭാര്യാ സഹോദരിയുടെ ശമ്പളത്തെ കുറിച്ചായിരുന്നു യുവാവിന്റെ കുറിപ്പ്. സ്കൂള്‍ ഫീസ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇത്രയും കുറഞ്ഞ വരുമാനത്തില്‍ ഒരു മെട്രോ നഗരത്തില്‍ അതിജീവിക്കാൻ കഴിയുമോയെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ ചോദിക്കുന്നു.’വെറും 6,000 രൂപ മാത്രം!’ഭാര്യ സഹോദരിക്ക് ബെംഗളൂരുവില്‍ കിന്റർഗാർട്ടൻ അധ്യാപക ജോലിക്ക് പ്രതിമാസം വാഗ്ദാനം ചെയ്യപ്പെട്ടത് വെറും 6,000 രൂപയാണെന്ന് യുവാവ് പറയുന്നു.
മുഹമ്മദ് നൗസത്ത് എന്ന എക്സ് ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചത്. “എന്റെ അനിയത്തിക്ക് പ്ലേസ്കൂള്‍ അല്ലെങ്കില്‍ കിന്റർഗാർട്ടൻ അധ്യാപികയായി ജോലി ലഭിച്ചു, ബെംഗളൂരുവില്‍ അവർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും. സ്കൂള്‍ ഫീസ് കുതിച്ചുയരുമ്പോള്‍, അധ്യാപകരുടെ ശമ്പളം കുത്തനെ ഇടിയുന്നു. ഒരു മെട്രോ നഗരത്തില്‍ പ്രതിമാസം 6,000 രൂപയില്‍ താഴെ വരുമാനത്തില്‍ എങ്ങനെ ജീവിക്കാൻ കഴിയും ?” അദ്ദേഹം തന്റെ കുറിപ്പിലെഴുതി. ജീവിതച്ചെലവ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ബെംഗളൂരു പോലൊരു നഗരത്തിന് ഈ തുക വളരെ കുറവാണെന്ന് നിരവധി ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.’എല്ലാം ഇങ്ങോട്ട് മാത്രം’നിരവധി പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. “സ്നാബിറ്റ് അവരുടെ ജീവനക്കാർക്ക് 18,000 മുതല്‍ 20,000 രൂപ വരെ ശമ്പളം നല്കുന്നു. നിങ്ങളുടെ സഹോദരിക്ക് ആ കിന്റർഗാർട്ടനില്‍ ജോലി ചെയ്യുന്ന ആയയെയും സഹായിയെയും അപേക്ഷിച്ച് കുറഞ്ഞ ശമ്പളം ലഭിക്കുന്നുണ്ടാകാം.
അവള് ആ ശമ്പളത്തില്‍ ജോലിയില്‍ ചേരരുത്.” എന്ന് ഒരു ഉപയോക്താവ് എഴുതി. “സർക്കാർ പറയുന്നതനുസരിച്ച്, 6,000 രൂപയില്‍ വാടകയ്ക്ക് 1,000, കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1,000 , വൈദ്യുതിക്കും വെള്ളത്തിനും 500, പച്ചക്കറികള്‍ക്ക് 1,000 എന്നിവ നല്‍കാം. ബെംഗളൂരുവില്‍ യാത്ര സൗജന്യമായിരിക്കാം, 1,000 രൂപ അങ്ങനെ ലാഭിക്കാം, ബാക്കി തുക കൊണ്ട് പുറത്ത് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാം. അവള് പൊരുത്തപ്പെടണം, ഒരിക്കലും പരാതിപ്പെടരുത്, അല്ലെങ്കില്‍ അവള്‍ക്ക് ജോലി നഷ്ടപ്പെടും.” മറ്റൊരാള്‍ പരിഹാസം നിറഞ്ഞ കുറിപ്പെഴുതി. സർക്കാരും സർക്കാർ സംവിധാനങ്ങളും സ്വന്തം കീശയിലേക്ക് മാത്രം നോക്കിയിരിക്കുമ്പോള്‍ സാധാരണക്കാരൻ പട്ടിണി കിടക്കാൻ നിർബന്ധിക്കപ്പെടുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. കിന്റർഗാർട്ടൻ അധ്യാപകർക്ക് കുട്ടികളുടെ കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ അവർ മികച്ച വേതനം അർഹിക്കുന്നുവെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.