ബെംഗളൂരു : ചെന്നൈ -ബെംഗളൂരു അതിവേഗ റെയില്‍പാതയുടെ രൂപരേഖ തയ്യാറാക്കാൻ നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎല്‍) പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. ബുള്ളറ്റ് ട്രെയിനില്‍ 306 കിലോമീറ്റർ വരുന്ന പാതയിലൂടെ ബെംഗളൂരുവില്‍ നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് കൊണ്ട് ചെന്നൈയിലെത്താൻ സാധിക്കും . 350 കിലോമീറ്റർ വരെ വേഗത്തില്‍ ട്രെയിൻ ഓടിക്കാനാകുന്ന പാതയാണ് നിർമ്മിക്കുന്നത് .കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ് അതിവേഗ ഇടനാഴികള്‍ പ്രഖ്യാപിച്ചിരുന്നു .അതിവേഗ പാതയില്‍ 7 സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത് . കർണാടകയില്‍ ബയ്യപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ്, കോടിഹള്ളി, കോലാർ എന്നിവയും ആന്ധ്രയില്‍ ചിറ്റൂരും തമിഴ്നാട്ടില്‍ പരന്തൂർ, പൂനമല്ലി, ചെന്നൈ സെൻട്രല്‍ എന്നിവയുമാണ് സ്റ്റേഷനുകള്‍. ഇതില്‍ ബയ്യപ്പനഹള്ളിയും വൈറ്റ്ഫീല്‍ഡും, ചെന്നൈ സെൻട്രലും ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. കൂടാതെ ചിറ്റൂർ മൊഗിലി ചുരത്തിലൂടെ കടന്നുപോകുന്ന 14.7 കിലോമീറ്ററും ഭൂഗർഭ പാതയായിരിക്കും. ആകെ 34.6 കിലോമീറ്റർ ദൂരമാണ് തുരങ്കപ്പാത. അതിവേഗ പാതയ്ക്കായി കർണാടകയില്‍ മാത്രം 1358.96 ഏക്കർഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത് .