ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനി ക്യാമ്പസിനുള്ളിലെ ഡേ-കെയർ സെന്ററില്‍ പിഞ്ചുകുട്ടികള്‍ക്ക് നേരെ ക്രൂരമായ അതിക്രമം.ബ്രൂക്ക്ഫീല്‍ഡിലെ ഐടി പാർക്കില്‍ പ്രവർത്തിക്കുന്ന ഡേ-കെയറിലെ അഞ്ച് ജീവനക്കാർക്കെതിരെയാണ് എച്ച്.എ.എല്‍ പോലീസ് കേസെടുത്തത്. മഞ്ജുള, വിജയലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവരാണ് പ്രതികള്‍. രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഈ സ്ത്രീകള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നത്. വാട്സ്ആപ്പില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടികളെ വാഷിംഗ് മെഷീനുള്ളില്‍ അടയ്ക്കുക, വെസ്റ്റേണ്‍ ടോയ്ലറ്റില് ഇരുത്തുക, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമില്‍ പൂട്ടിയിടുക തുടങ്ങിയ പൈശാചികമായ രീതിയിലാണ് ഇവർ കുട്ടികളെ കൈകാര്യം ചെയ്തിരുന്നത്. കുട്ടികള്‍ കരയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അഞ്ച് പേർക്കുമെതിരെയും കേസെടുത്തിരിക്കുന്നത്. നിലവില്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, വീഡിയോകളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുട്ടികളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഐടി കമ്പനിയിലെ ജീവനക്കാരുടെ മക്കളെ സംരക്ഷിക്കാൻ ഏല്‍പ്പിച്ച കേന്ദ്രത്തിലാണ് ഇത്തരമൊരു ഹീനകൃത്യം അരങ്ങേറിയത് എന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.