ബംഗളൂരു: ബംഗളൂരുവിലെ തന്റെ വസതിയില്‍ ബിസിനസ്സുകാരനായ വൈശാഖ് മരിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് കന്നഡ നടി കൃഷി തപണ്ട.തന്റെ വീട്ടില്‍ വെച്ച് ഇത്തരമൊരു ദാരുണമായ സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് വലിയ മാനസികാഘാതമാണ് തനിക്ക് നല്‍കിയതെന്നും കൃഷി ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി (Krishi Thapanda Statement). സംഭവത്തിന് ശേഷം ഉയർന്നുവരുന്ന വ്യാജ വാർത്തകളും അനാവശ്യമായ അഭ്യൂഹങ്ങളും തന്നെയും വൈശാഖിന്റെ കുടുംബത്തെയും ഒരുപോലെ വേദനിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.“എന്റെ ഹൃദയത്തോട് ചേർന്നുനിന്നിരുന്ന, എന്നെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാളെയാണ് എനിക്ക് നഷ്ടമായത്. ഈ വേർപാട് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ദുഃഖിക്കാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒരാളുടെ മരണത്തെ കഥകളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ക്രൂരമാണ്,” കൃഷി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
വൈശാഖിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയെ മാനിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ നിരുത്തരവാദപരമായ പ്രചാരണങ്ങള്‍ നടത്തരുതെന്നും താരം അഭ്യർത്ഥിച്ചു.ഒരു കുടുംബത്തിന് അവരുടെ മകനെയാണ് നഷ്ടമായതെന്ന് ഓർക്കണമെന്ന് കൃഷി പറഞ്ഞു. “നിങ്ങള്‍ക്ക് ഒരാളെ സന്തോഷിപ്പിക്കാൻ കഴിയില്ലെങ്കില്‍, അവരുടെ കണ്ണീരിന് കാരണക്കാരാകാതിരിക്കുക. ആർക്കും ജീവിക്കാനുള്ള പ്രചോദനം നല്കാൻ കഴിയില്ലെങ്കില്‍, അവർക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന പ്രവർത്തികള്‍ ഒഴിവാക്കുക,” അവർ കൂട്ടിച്ചേർത്തു. വൈശാഖിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ അവസ്ഥയില്‍ സമാധാനത്തോടെ ദുഃഖിക്കാൻ ആവശ്യമായ സ്വകാര്യതയും അന്തസ്സും നല്‍കണമെന്നും കൈകൂപ്പി അപേക്ഷിച്ചുകൊണ്ട് കൃഷി തപണ്ട പറഞ്ഞു. അനാവശ്യ കമന്റുകള്‍ ഒഴിവാക്കാൻ പോസ്റ്റിലെ കമന്റ് ബോക്സ് താരം ഡിസേബിള്‍ ചെയ്തിട്ടുണ്ട്.