Home കർണാടക കര്‍ണാടകയില്‍ ബസ് യാത്ര നിരക്ക് കുത്തനെ കൂടുമോ? 44 ശതമാനം വരെ വര്‍ദ്ധന വേണമെന്ന് ആവശ്യം

കര്‍ണാടകയില്‍ ബസ് യാത്ര നിരക്ക് കുത്തനെ കൂടുമോ? 44 ശതമാനം വരെ വര്‍ദ്ധന വേണമെന്ന് ആവശ്യം

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ കെഎസ്‌ആർടിസി ഉള്‍പ്പെടെയുള്ള സർക്കാർ ബസുകളില്‍ യാത്രാനിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന.കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപ്പറേഷനുകളും സർക്കാരിന് അപേക്ഷ നല്‍കി.ബെംഗളൂരു നഗരത്തില്‍ സർവീസ് നടത്തുന്ന ബിഎംടിസി 44 ശതമാനവും അന്തർസംസ്ഥാന-ദീർഘദൂര സർവീസുകള്‍ നടത്തുന്ന കെഎസ്‌ആർടിസി 33 ശതമാനവും നിരക്ക് വർദ്ധനയ്ക്കാണ് അനുമതി തേടിയിരിക്കുന്നത്. സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ കുത്തനെ ഉയർന്ന സാഹചര്യത്തില്‍ നിരക്ക് വർദ്ധന നീട്ടിക്കൊണ്ടുപോയാല്‍ ബസ് സർവീസുകളുടെ സാമ്പത്തിക ഭദ്രത പൂർണ്ണമായും തകരുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ കോർപ്പറേഷനുകളെ പ്രേരിപ്പിച്ചത് പ്രധാനമായും കോണ്‍ഗ്രസ് സർക്കാരിന്റെ ‘ശക്തി’ പദ്ധതിയാണ്.

സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഈ പദ്ധതി കോർപ്പറേഷനുകള്‍ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്. ഇതിന് പുറമെ ഇന്ധനവിലയിലുണ്ടായ വർദ്ധനയും ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ബസുകളുടെ അറ്റകുറ്റപ്പണി ചിലവുകള്‍ കൂടിയതും കെഎസ്‌ആർടിസിയെ പ്രതിസന്ധിയിലാക്കി. നിലവിലെ ടിക്കറ്റ് വരുമാനം കൊണ്ട് ഈ വലിയ ചിലവുകള്‍ താങ്ങാനാകില്ലെന്നാണ് കോർപ്പറേഷനുകളുടെ നിലപാട്.ബസ് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന കോർപ്പറേഷനുകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് സമഗ്രമായ പഠന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ലഭിക്കുന്ന നിരക്കിനേക്കാള്‍ ലിറ്ററിന് 40 രൂപയിലധികം അധികം നല്‍കിയാണ് കെഎസ്‌ആർടിസി ഡിപ്പോകള്‍ക്കായി മൊത്തമായി ഡീസല്‍ വാങ്ങുന്നതെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കെഎസ്‌ആർടിസിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമ്പോള്‍ തന്നെ നിരക്ക് വർദ്ധനവ് സാധാരണക്കാരായ യാത്രക്കാർക്ക് അമിത ഭാരമാകരുതെന്ന കാര്യത്തില്‍ സർക്കാരിന് നിർബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അധിക വരുമാനം കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ ഇന്ധനം വാങ്ങുന്നതിനും ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനും ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് ഗതാഗത കോർപ്പറേഷൻ ഭാരവാഹികള്‍ പറയുന്നു. കനത്ത നഷ്ടം തുടർന്നാല്‍ അത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരത്തെയും സർവീസുകളുടെ എണ്ണത്തെയും ബാധിക്കുമെന്നും വരും ദിവസങ്ങളില്‍ തന്നെ ഇതിലൊരു തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group