ബെംഗളൂരു: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 52-കാരന്റെ തലയില്‍ മരക്കൊമ്പ് വീണ് ഗുരുതര പരിക്ക്. ബെംഗളൂരുവിലെ രാജാജിനഗർ രാം മന്ദിർ റോഡിലാണ് അപകടം നടന്നത്.സതീഷ് എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെയാണ് ഉണങ്ങിയ മരക്കൊമ്പ് പൊട്ടി ഇദ്ദേഹത്തിന്റെ തലയില്‍ വീണത്. അപകടസമയത്ത് സതീഷ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മരക്കൊമ്പ് തലയില്‍ വീണ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഇദ്ദേഹം ബൈക്കില്‍ നിന്നും റോഡിലേക്ക് വീണു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യശ്വന്ത്പൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്കും മാറ്റി. തുടക്കത്തില്‍ കോമയിലായിരുന്ന സതീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവില്‍ ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകള്‍. ഹെല്‍മെറ്റ് ധരിക്കാത്തത് അപകടത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.